അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
1466053
Sunday, November 3, 2024 5:11 AM IST
അന്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. 59 വിദ്യാലയങ്ങളിൽ നിന്നായി 2500 ഓളം കലാ പ്രതിഭകൾ 245 ഇനങ്ങളിൽ നാലു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കും. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയാകും.
ഏഴു വേദികളിലായാണ് മത്സരം നടക്കുന്നത്. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. സലാം എം എൽ എ കലോത്സവം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം മഹാദേവൻ മുഖ്യാതിഥിയായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഗായത്രിയെ ചടങ്ങിൽ ആദരിച്ചു.
മുത്തൂറ്റ് മിനി സോണൽ മാനേജർ സി.യു. ശ്രീജിത്ത് സ്പോർടസ് ജഴ്സി കൈമാറ്റം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗവും എസ്എം സി ചെയർപേഴ്സണുമായ ശ്രീജാ രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത, അമ്പലപ്പുഴ ബ്ലോക്ക് പ്രോഗ്രാം കോ -ഓർഡിനേറ്റർ എ.ജി. ജയ കൃഷ്ണൻ, എച്ച്എം ഫോറം കൺവീനർ രാധാകൃഷ്ണ പൈ, അധ്യാപക സംഘടനാ പ്രതിനിധികളായ എ.ജെ സിസിലി, എച്ച്. നവാസ് പാനൂർ എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുമാ ദേവി സ്വാഗതവും സ്വീകരണക്കമ്മിറ്റി കൺവീനർ സുനിൽ എം കുമാർ നന്ദിയും പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ ഉദ്ഘാടനം ചെയ്യും.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് അധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ. പവിഴ കുമാരി സമ്മാനദാനം നിർവഹിക്കും.