പുറംബണ്ടുകള്‍ക്കു ബലക്ഷയം; പുഞ്ചകൃഷി വൈകാന്‍ സാധ്യത
1466747
Tuesday, November 5, 2024 7:41 AM IST
എടത്വ: അപ്പര്‍കുട്ടനാട്ടില്‍ പാടശേഖര പുറംബണ്ടുകള്‍ക്ക് ബലക്ഷയം. തുലാമാസമഴയില് പുഞ്ചകൃഷി വൈകാന്‍ സാധ്യത. സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമെന്ന് കര്‍ഷകര്‍.
അപ്പര്‍കുട്ടനാട്ടിലെ വീയപുരം, മാന്നാര്‍, തലവടി കൃഷിഭവന് പരിധിയില്‍ വരുന്ന വെട്ടിപ്പുതുക്കരി, ചേക്കാമായിക്കരി, മുപ്പായിക്കരി-മുട്ടും പാടം, നേന്ത്രവേലി, കൊടവള്ളാരി എ, ബി പാടങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് പുറംബണ്ടുകളുടെ ബലക്ഷയം മൂലം കൃഷി വൈകാന്‍ സാധ്യതയുള്ളത്. ബണ്ടുകള്‍ക്ക് മതിയായ ഉയരമോ പ്രതിരോധശേഷിയോ ഇല്ലാത്തതാണ് കൃഷിക്ക് ഭീഷണിയാകുന്നത്.
തുലാമാസത്തിലാണ് ഒട്ടുമിക്ക പാടശേഖരങ്ങളിലും പുഞ്ചകൃഷി ആരംഭിക്കുന്നത്. കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ബലക്ഷയം നേരിടുന്ന പാടശേഖരങ്ങളില്‍ വൃശ്ചികമാസം ഒടുവിലോ ധനുമാസം ആദ്യവാരത്തിലോ ആണ് കൃഷിയിറങ്ങുന്നത്. വിതയിറക്ക് ഏറെ വൈകുന്നതുമൂലം കാര്‍ഷിക കലണ്ടര്‍ തെറ്റിയാണ് വിളവെടുപ്പ് നടത്തേണ്ടിവരുന്നത്.
നദികളോടും തോടുകളോടും ചേര്‍ന്ന് കിടക്കുന്ന പാടശേഖരങ്ങളാണ് ഈ പ്രതിസന്ധി നേരിടേണ്ടി വരുന്നതില്‍ അധികവുമുള്ളത്. പ്രഖ്യാപനത്തിലൂടെ കാര്‍ഷിക മേഖലയ്ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്കുന്ന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാറില്ല.
സര്‍ക്കാര്‍ മുഖം തിരിക്കുമ്പോഴും പാടശേഖര സമിതികളും കര്‍ഷകരും പ്രതിസന്ധി തരണം ചെയ്താണ് കൃഷിയിറക്കുന്നത്. ജലാശയങ്ങളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതോടെ അതിസമ്മര്‍ദത്തെ പ്രതിരോധിക്കാന്‍ കഴിയാതെ മടവീണ് കൃഷി നശിച്ച് ലക്ഷങ്ങളുടെ ബാധ്യതയാണ് കര്‍ഷകര്‍ അനുഭവിക്കേണ്ടി വരുന്നത്.
തകര്‍ന്ന മട സമയബന്ധിതമായി പൂര്‍വ സ്ഥിതിയിലാക്കണമെങ്കില്‍ പണവും ഒപ്പം അനുബന്ധ സാമഗ്രികളും കണ്ടെത്തണം. ബലക്ഷയം നേരിടുന്ന ഓരോ പാടശേഖരങ്ങളുടേയും പുറംബണ്ടുകള്‍ ഓരോ വര്‍ഷവും സമയബന്ധിതമായി ഉയര്‍ത്തി ബലപ്പെടുത്തിയാല്‍ ഇതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയുമെങ്കിലും സര്‍ക്കാര്‍ തയാറാകുന്നില്ല.
പാക്കേജുകളില്‍ കോടികള്‍ നീക്കി വെച്ചതല്ലാതെ പുറംബണ്ട് നിര്‍മാണവും നദികളിലെ ആഴംകൂട്ടലും ജലരേഖയായി തീര്‍ന്നു. നദിയില്‍നിന്ന് ഘനനം ചെയ്യുന്ന മണലും ചെളിയും ഉപയോഗിച്ച് ബണ്ട് ഉയര്‍ത്തി സ്ഥാപിക്കാമെന്നിരിക്കെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാറില്ല. സ്വന്തം ചെ ലവില്‍ പാടശേഖര സമതികള്‍ ഉയര്‍ത്തിയ പുറംബണ്ടിന് പോലും സമയബന്ധിതമായി സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല. ചില പാടശേഖരസമിതികള്‍ ഫണ്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൃഷിഭവനില്‍ നിരന്തരം കയറിയിറങ്ങുകയാണ്.
തുലാവര്‍ഷം ശക്തി പ്രാപിച്ചതോടെ പുഞ്ചകൃക്ഷി വിതയിറക്ക് വൈകുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി കിഴക്കന്‍ മേഖലയില്‍ പെയ്യുന്ന ശക്തമായ മഴയില്‍ അപ്പര്‍ കുട്ടനാട്ടിലെ നദീകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നുവരികയാണ്.
കലങ്ങിമറിഞ്ഞെത്തുന്ന കിഴക്കന്‍ വെള്ളം പുഞ്ചകൃഷിക്കു ഭീഷണിയാകുമെന്നാണ് കര്‍ഷകര്‍ ഭയക്കുന്നത്. വിത കഴിഞ്ഞ പാടശേഖരങ്ങളിലെ കര്‍ഷകരും തുലാമഴയുടെ വരവ് ആശങ്കപ്പെടുത്തുന്നുണ്ട്. അപ്പര്‍ കുട്ടനാട്ടിലെ പാടശേഖര പുറംബണ്ടുകള്‍ ഉയര്‍ത്തി ബലപ്പെടുത്തുകയും ജലാശയങ്ങളിലെ ആഴംകൂട്ടല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ കൃഷിയെ സംരക്ഷിച്ച് നിര്‍ത്താനും അപ്പര്‍കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനും സാധിക്കുമെന്ന് സമിതികള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.