ഒടുവിൽ ജനം റോഡ് ഉപരോധിച്ചു
1466742
Tuesday, November 5, 2024 7:41 AM IST
തുറവൂര്‍: അപകടങ്ങള്‍ കണ്ടുമടുത്ത ജനം ഒടുവില്‍ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ റോഡ് ഉപരോധിച്ചു. തീരദേശ ഹൈവേയുടെ ഭാഗമായ തൈക്കല്‍-അന്ധകാരനഴി തീരദേശ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് അന്ധകാരനഴിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
അന്ധകാരനഴി, അഴീക്കലില്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച പ്രതിഷേധ കാല്‍നടജാഥ ഫാ. അലക്സാണ്ടര്‍ കൊച്ചീക്കാരന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. ജാഥയ്ക്ക് ജെസില്‍ സോളമന്, ബോണി പീറ്റര്‍, റോക്സണ്‍ ജോസഫ്, ബാസ്റ്റിന് ആന്‍ഡ്രൂസ്, ജറില്‍, വിക്ടര്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് അന്ധകാരനഴി കവലയില്‍ നടന്ന റോഡ് ഉപരോധം വി.ടി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആന്റണി കുരിശുങ്കല്‍, മനോജ് മാവുങ്കല്‍, ബാസ്റ്റിന് ആന്‍ഡ്രൂസ്, പോള്‍ ആന്റണി, ജെറില്‍ സോളമന്, വിക്ടര്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമരത്തെത്തുടര്‍ന്ന് ഇന്നലെ ഉദ്യോഗസ്ഥരും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ സർ ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഉടന്‍ പരിഹാരം കാണുമെന്ന് പൊതുമരാമത്ത് വകുപ്പു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുപതിനുള്ളില്‍ അന്ധകാരനഴി - തൈക്കല്‍ റോഡ് പുനര്നിര്മിക്കാത്തപക്ഷം ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാരും അറിയിച്ചു.