തീർഥാടകർക്ക് ആശ്വാസം; ചെങ്ങന്നൂരിൽ ശബരിമല ഇടത്താവള നിർമാണം പുനരാരംഭിച്ചു
1466745
Tuesday, November 5, 2024 7:41 AM IST
ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ആശ്വാസമായി ചെങ്ങന്നൂരില്‍ ഇടത്താവളത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. മൂന്നു നിലകളിലായി 10.48 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഇടത്താവളത്തിന്റെ ആദ്യത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയാകാറായി. അടുത്ത ശബരിമല സീസണില്‍ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
40,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ കെട്ടിടത്തില്‍ 25 കാറുകള്‍ ഒരേസമയം പാര്‍ക്കുചെയ്യാനും 300 പേര്‍ക്ക് വിശ്രമിക്കാനും സൗകര്യമുണ്ട്. രണ്ടാം നിലയില്‍ 350 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപവും പാചകശാലയും ഒരുക്കിയിട്ടുണ്ട്. നിര്‍മാണ കമ്പനിയുടെ അനാസ്ഥയാണ് നിര്‍മാണം നീണ്ടുപോകാന്‍ കാരണമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിനു സമീപം കുന്നത്തുമലയില്‍ ദേവസ്വം ബോര്‍ഡിന്റെ 45 സെന്റ് സ്ഥലത്താണ് ഇടത്താവളം നിര്‍മ്മിക്കുന്നത്.
പദ്ധതി ചെങ്ങന്നൂരിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിനും സഹായകമാകും. ശബരിമല തീര്‍ഥാടനകാലത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. ശബരിമല തീര്‍ഥാടനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു ഇടത്താവളം ഒരുക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നടപടി സ്വാഗതാർഹമാണെന്ന് ഭക്തജനങ്ങള്‍ പറഞ്ഞു.