‘ജനജാഗരം-2024’ ആലപ്പുഴ രൂപതയിൽ ഉദ്ഘാടനം ചെയ്തു
1466446
Monday, November 4, 2024 5:26 AM IST
ആലപ്പുഴ: കെആർഎൽസിസിയുടെ നിർദേശാനുസരണം സമനീതിക്കും അവകാശ സംരക്ഷണത്തിനും എന്ന മുദ്രാവാക്യവുമായി ലത്തീൻ രൂപതകളിൽ നടത്തിവരുന്ന ജനജാഗരണം ആലപ്പുഴ രൂപതയിൽ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
രൂപതയിലെ എല്ലാ ഇടവകകളിലുംനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ആറ് ഫൊറോനകളിലെ എല്ലാ ഇടവകകളിലും നവംബർ, ഡിസംബർ മാസങ്ങളിലായി ജനജാഗരം നടത്തപ്പെടും. നീതിയുടെയും സമ്പത്തിന്റെയും അധികാരത്തിന്റെയും തുല്യമായ വിതരണം നടത്തപ്പെടണമെന്നും, വികസനത്തിന്റെ പേരിൽ ജനങ്ങളിൽ രൂപപ്പെടുന്ന ആശങ്കൾ കൃത്യമായി പരിഹരിക്കപ്പെടണമെന്നും യോഗത്തിൽ അഭിപ്രായം ഉണ്ടായി.
മോൺ. പയസ് ആറാട്ടുകുളം, പി. ആര്. കുഞ്ഞച്ചൻ, ലിജോ ജേക്കബ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളെടുത്തു. വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു.
അരൂർ എംഎൽഎ ദലീമ ജോജോ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈറസ് സോളമൻ, വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെ നേതാക്കന്മാരായ ജോൺ ബ്രിട്ടോ, രതീഷ് ആന്റണി, സന്തോഷ് കൊടിയനാട്, ബിജു ജോസി, അനില്‍ ആന്റണി, എം.ജെ. ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.