നാട്ടുകാരുടെ നടുവൊടിച്ച് ഗ്രാമീണ റോഡുകൾ
1466458
Monday, November 4, 2024 5:39 AM IST
തുറവൂർ: ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ മുഴുവൻ ഗ്രാമീണ റോഡുകളും തകർന്നു തരിപ്പണമായിട്ടും തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്.
തുറവൂർ-കുമ്പളങ്ങി റോഡ്,തുറവൂർ-തൈക്കാട്ടുശേരി റോഡ് , അരൂർ-അരൂക്കുറ്റി റോഡ്, എരമല്ലൂർ-എഴുപുന്ന റോഡ് തുടങ്ങി പ്രധാനപ്പെട്ട റോഡുകളെല്ലാം തകർന്നു തരിപ്പണമായിട്ടും പൊതുമരാമത്ത് വകുപ്പ് കണ്ടില്ലെന്നു നടിക്കുകയാണ്. നിലവിൽ ആകാശപാത നിർമാണ കരാറുകാരെക്കൊണ്ട് ഈ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കാനുള്ള നീക്കമാണ് പൊതുമരാമത്തുവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
സാധാരണ മഴക്കാലത്തിനു ശേഷം തകർന്ന റോഡുകൾ പുതുക്കിപ്പണിയുന്ന നടപടി പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ടതാണ്. എന്നാൽ ഇതൊന്നും ചെയ്യാതെ ഈ ജോലികളെല്ലാം ആകാശപാത നിർമാണ കമ്പനിയുടെ തലയിൽ കെട്ടിവച്ച് കൈയൊഴിയുന്ന നടപടിയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
തുറവൂർ-കുമ്പളങ്ങി റോഡിലൂടെ കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ദിനംപ്രതി ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും അപകടത്തിൽ പ്പെട്ടിട്ടും ഉദ്യോഗസ്ഥരുടെ കണ്ണുതുറക്കാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ആകാശപാത നിർമാണ കമ്പനിക്കാർ റോഡിലെ കുഴിയടയ്ക്കാൻ തട്ടിക്കൂട്ട് പരിപാടികൾ നടത്തിയെങ്കിലും ഇവയെല്ലാം യാതൊരു ഫലവും ഇല്ലാത്ത അവസ്ഥയാണ്. നിലവിൽ കോടിക്കണക്കിനു രൂപ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചു എന്നാണ് ആകാശപാത നിർമാണ കമ്പനിയുടെ അവകാശവാദം.
പൊതുമരാമത്ത് വകുപ്പും ആകാശപാത നിർമാണ കമ്പനിയും പരസ്പരം കുറ്റപ്പെടുത്തി രക്ഷപ്പെടുമ്പോഴും ജനങ്ങളുടെ ദുരിതത്തിന് യാതൊരു പരിഹാരവുമില്ല. അടിയന്തരമായി ചേർത്തല താലൂക്കിലെ തകർന്നുകിടക്കുന്ന റോഡുകൾ പുനർനിർമിക്കാനുള്ള നടപടി പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.