മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്നത് റെയിൽ പോർട്ട്
1466739
Tuesday, November 5, 2024 7:41 AM IST
മാവേലിക്കര: മധ്യതിരുവിതാംകൂറിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ മാവേലിക്കര റെയില്‍വേ സ്റ്റേഷന് വികസനച്ചിറകിലേറും. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.9 കോടി രൂപ ചെ ലവഴിച്ച് മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ വിമാനത്താവളം മാതൃകയിലുള്ള വികസന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
നിലവിലുള്ള കെട്ടിടം നിലനിര്‍ത്തി അധികമായി ആവശ്യമുള്ള ഭാഗങ്ങള്‍ പുതുതായി നിര്‍മിച്ചാണ് സ്റ്റേഷന് ആധുനികവത്കരിക്കുന്നത്. സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടം, യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ടിക്കറ്റ് കൗണ്ടറുകള്‍, വിശ്രമമുറികള്‍, ശൗചാലയ സമുച്ചയം, ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍, വിശാലമായ പാര്‍ക്കിംഗ് ഏരിയ, എസ്കലേറ്റര്‍ തുടങ്ങിയവയെല്ലാം സ്റ്റേഷന് വികസനത്തിന്റെ ഭാഗമായി നിലവില്‍വരും.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പകുതി ഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ വിപുലമായ പാര്‍ക്കിംഗ് ഗ്രൗണ്ട്, ശൗചാലയ സമുച്ചയം, സ്റ്റേഷനു മുന്നില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ ദേശീയപതാകയ്ക്കുവേണ്ടിയിട്ടുള്ള കൊടിമരം, പ്രവേശനകവാടത്തിന്റെ സ്ട്രക്ച്ചറല്‍ പണികള്‍ തുടങ്ങിയവ പൂര്‍ത്തീകരണത്തിലേക്കു എത്തിയിട്ടുണ്ട്. അടുത്തവര്‍ഷം പകുതിയോടുകൂടി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി സ്റ്റേഷന് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശേരി, മാവേലിക്കര എന്നീ രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. അടുത്തവര്‍ഷത്തോടെ ശാസ്താംകോട്ട, കൊട്ടാരക്കര എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ കൂടി അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നു റെയില്‍വേ മന്ത്രാലയം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു.
സ്റ്റേഷന്റെ സിവില്‍ വര്‍ക്കിന് 3.44 കോടി രൂപയും ഇലക്ട്രിക്കല്‍ വര്‍ക്കിനായി 84 ലക്ഷം രൂപയും എസ് ആൻഡ് ടി വര്‍ക്കിനായി പ്ലാറ്റ്ഫോമില്‍ കോച്ചുകളുടെ സ്ഥാനം അറിയുന്നതിനുള്ള ഡിസ്പ്ലേ ബോര്‍ഡുകള്‍, ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയ്ക്ക് 94 ലക്ഷം രൂപയും വണ്‍ സ്റ്റേഷന് വണ്‍ പ്രൊജക്റ്റ്, ഫര്‍ണിച്ചര്‍, വാഷ് ബെയ്സന്, ഡസ്റ്റ്ബിന്‍ എന്നിവയ്ക്ക് 29 ലക്ഷം രൂപയും സ്റ്റേഷന്റെ മുന്‍വശത്ത് ദേശീയപതാക സ്ഥാപിക്കുന്നതിനുള്ള പോസ്റ്റ് തയാറാക്കാന്‍ 13 ലക്ഷം രൂപയുമാണ് ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.
ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോം പൂര്‍ണമായും ഷെല്‍ട്ടര്‍ പ്ലാറ്റ്ഫോമായി മാറ്റും. 10 മീറ്റര്‍ വീതിയിലും 16 മീറ്റര്‍ നീളത്തിലും മേല്‍ക്കൂര നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.