ഇടിമിന്നലില്‍ വീടിനു പൊട്ടല്‍; വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു
1466066
Sunday, November 3, 2024 5:11 AM IST
എടത്വ: ഇടിമിന്നലില്‍ വീടിന്റെ ഭിത്തികള്‍ പൊട്ടി അടര്‍ന്നു വീണു. ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. എടത്വ മരിയാപുരം കൈതമുക്ക് പുളിക്കപ്പറമ്പില്‍ ജോസ് ടി. തോമസിന്റെ വീടിന്റെ ഭിത്തികളാണ് പൊട്ടി അടര്‍ന്നുവീണത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം.
ചാറ്റല്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിവെട്ടേറ്റ് വിടിന്റെ പലസ്ഥലങ്ങളിലായി ഭിത്തി പൊട്ടി അകലുകയും റൂഫിലെ വൈദ്യുത വിളക്കിനൊപ്പം സിമന്റ് അടര്‍ന്നു വീഴുകയും ചെയ്തു. ഭിത്തിക്കുള്ളിലെ കമ്പികള്‍ പുറത്തുവന്ന നിലയിലാണ്. ലൈറ്റുകള്‍, ഫാന്‍, ടിവി എന്നിവയും നശിച്ചിട്ടുണ്ട്. സംഭവ സമയത്ത് വീട്ടില്ആളുകൾ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
തെങ്ങ് പിളർന്നു
മാന്നാർ: ഇടിമിന്നലേറ്റ് തെങ്ങുകൾ നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിൽ തെങ്ങുകൾക്ക് നാശം സംഭവിച്ചു. മാന്നാർ പാവുക്കര രണ്ടാം വാർഡിൽ വിരുപ്പിൽ ക്ഷേത്രത്തിനു സമീപമുള്ള പുത്തൻ പീടികയിൽ ഷാജഹാന്റെ വീടിനോടു ചേർന്നു നിന്ന ഏറെ ഉയരമുള്ള തെങ്ങ് ഇടിമിന്നലേറ്റ് നെടുകെ പിളർന്നു.
വലിയ ശബ്ദം കേട്ടെങ്കിലും മഴകാരണം വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മഴയ്ക്ക് ശേഷമാണു നെടുകെ പിളർന്നു നിൽക്കുന്ന തെങ്ങ് ശ്രദ്ധയിൽപ്പെട്ടത്.
ചെന്നിത്തലയിൽ മുൻ പഞ്ചായത്തംഗം ഒന്നാം വാർഡ് നാമങ്കേരി കൂട്ടുങ്കൽ തറയിൽ ചെല്ലമ്മയുടെ പുരയിടത്തിൽ നിന്ന തെങ്ങാണ് ഇടിമിന്നലേറ്റ് നശിച്ചത്.