നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കണം: പ്രമേയം പാസാക്കി കുട്ടനാട് താലൂക്ക് വികസനസമിതി
1466047
Sunday, November 3, 2024 5:10 AM IST
കുട്ടനാട്: മുൻ കുട്ടനാട് തഹസിൽദാരായിരുന്ന നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കുട്ടനാട് താലൂക്ക് വികസനസമിതി യോഗത്തിൽ പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിക്കാൻ തീരുമാനിച്ചു.
കണ്ണൂർ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട കുട്ടനാട് മുൻതഹസിൽദാരും ജനകീയനുമായ നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും താലൂക്ക് വികസന സമിതി ഐകകണ്ഡമായി ആവശ്യപ്പെട്ടു.
മികച്ച സർക്കാരുദ്യോഗസ്ഥനായിരുന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായും ഇതുപോലൊരു ദുര്യോഗം ആർക്കും ഉണ്ടാവരുതെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ അലക്സ് മാത്യു അവതാരകനായും സേവ്യർ വി.ജെ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ 11ന് ചമ്പക്കുളം ബ്ലോക്ക് ഓഫീസിൽ ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജലജാകുമാരിയുടെ അധ്യക്ഷതയിൽ കൂടിയ താലൂക്ക് വികസന യോഗത്തിലാണ് അസാധാരണ പ്രമേയം പാസാക്കിയത്.