വ്യാപാരമാന്ദ്യം: മര്‍ച്ചന്റ്സ് അസോ. നിവേദനം നല്കി
1466046
Sunday, November 3, 2024 5:10 AM IST
ചേര്‍ത്തല: നഗരത്തിലെ ഇരുമ്പുപാലംവഴി ഭാരമേറിയ ടോറസ് ലോറി ഉള്‍പ്പെടെ സഞ്ചരിക്കുന്ന സാധ്യത പരിഗണിച്ച് കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളും ഇതുവഴി സഞ്ചരിക്കാന്‍ അനുവദിക്കണമെന്ന് ചേര്‍ത്തല മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ഇരുമ്പുപാലം ബലക്ഷയമാണെന്നു കാണിച്ച് രണ്ടുവര്‍ഷം മുമ്പ് ബോര്‍ഡ് വച്ചെങ്കിലും ഇതുവഴി ദിവസേന വന്ലോഡുമായി ടോറസ് ലോറിവരെ കടന്നുപോകുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ടൗണിലേക്കു വരാതെ എക്സ്റെ വഴിയാണ് പോകുന്നത്.
ഇതുമൂലം ജനങ്ങള്‍ ടൗണില്‍ വരാതായതോടെ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. അതുകൊണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളും നഗരത്തിലൂടെ കടന്നുപോകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും മര്‍ച്ചന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്ക് വികസനസമിതിയോഗം കണ്‍വീനര്‍ കൂടിയായ തഹസീല്‍ദാര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.