സർക്കാരും കോടതികളും മലയാളത്തിൽ സംസാരിക്കണം: വിവരാവകാശ കമ്മീഷണർ
1465887
Saturday, November 2, 2024 5:30 AM IST
കായംകുളം: മലയാളിയുടെ സർക്കാരും മലയാളിയുടെ കോടതിയും സായിപ്പിന്റെ ഭാഷയിൽ മൊഴിയേണ്ടെന്നും ഉത്തരവുകളും നടപടി തീർപ്പുകളും മലയാളത്തിൽ തന്നെ വേണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കിം. കായംകുളം നഗരസഭയുടെ കേരളപ്പിറവി ദിന മലയാള വാരാഘോഷ ഭാഗമായുള്ള വിവരാവകാശ സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യഭരണ സംവിധാനങ്ങൾ ജനങ്ങളുടെ ഭാഷയിൽ സംസാരിക്കണം. മലയാളം പറഞ്ഞാൽ കുട്ടികളെ ശിക്ഷിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളെ വിദ്യാഭ്യാസവകുപ്പ് നിയന്ത്രിക്കണം. വിവരാവകാശ അപേക്ഷകൾക്ക് അപേക്ഷകന്റെ ഭാഷയിൽ തന്നെ മറുപടി നല്കണമെന്നാണ് നിയമം. അല്ലാത്ത ഓഫീസർമാർക്കെതിരേ കർശന നടപടിയുണ്ടാകും.
കുടിവെള്ളത്തിന്റെ ബില്ലുമുതൽ ബസ് ടിക്കറ്റുവരെയും ആശുപത്രി സേവനം മുതൽ ചായപ്പീടിക വരെയും മിക്കവാറും എല്ലാത്തിലും മറഞ്ഞിരിക്കുന്ന ചാർജുകളും വെളിപ്പെടുത്താത്ത നികുതികളും അടയ്ക്കുന്നവരാണ് മലയാളികൾ.
ജനങ്ങൾ നല്കുന്ന പണത്തിനു തുല്യമൂല്യമുള്ള വസ്തുക്കളും സേവനങ്ങളും ലഭിക്കുന്നില്ല. റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക് സർക്കാർ ഓഫീസിൽ അപേക്ഷ നല്കി കാത്തിരിക്കുന്നവർ നിരവധിയാണ്. പെട്ടിക്കടക്കാരൻ മുതൽ ഭരണസാരഥികൾ വരെ മോഹന വാഗ്ദാനങ്ങൾ പറഞ്ഞ് വശീകരിക്കുന്നു. അടുത്ത് ചെല്ലുമ്പോൾ പൗരന് ലഭിക്കുന്നതാകട്ടേ പലപ്പോഴും പ്രതീക്ഷതിച്ചതിലും മോശം അനുഭവമാണെ ന്നും അബ്ദുൾ ഹക്കിം കൂട്ടിച്ചേർത്തു.
യു. പ്രതിഭ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. കേശുനാഥ്, മായാദേവി, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, പിടിഎ പ്രസിഡന്റ് ബിജു സൂര്യാസ്, സ്കൂൾ പ്രിൻസിപ്പൽ സുനിൽ ചന്ദ്രൻ, നഗരസഭാ സെക്രട്ടറി എസ്. സനിൽ എന്നിവർ പ്രസം ഗിച്ചു.