അഞ്ചുവയസുകാരനെ പീഡിപ്പിച്ചയാൾക്ക് 11 വർഷം തടവും പിഴയും
1461346
Wednesday, October 16, 2024 3:17 AM IST
അടൂർ: അഞ്ചുവയസുകാരനെ ഉപദ്രവിച്ചയാൾക്ക് 11 വർഷവും ഒരു മാസവും കഠിനതടവും 20,000 രൂപ പിഴയും ശിക്ഷിച്ച് അടൂർ അതിവേഗത കോടതി ജഡ്ജി ടി. മഞ്ജിത് ഉത്തരവായി. മാവേലിക്കര പുന്നമൂട്ടിൽ അങ്ങാടിക്കൽ വില്ലേജിൽ സിയോൻ കുന്ന് വാഴവിള മുരുപ്പേൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സുരേഷിനെയാണ് (44) ശിക്ഷിച്ചത്.
ഇയാളുടെ ഭാര്യയുടെ സമീപത്ത് ട്യൂഷൻ പഠിക്കാനും മകൾക്കൊപ്പം കളിക്കാനും കുട്ടി വീട്ടിൽ വന്നിരുന്ന സമയത്താണ് ശാരീരികമായി കുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പരാതി ഉണ്ടായത്. 2023 ഒക്ടോബറിലാണ് സംഭവം. കൊടുമൺ എസ്ഐ ആയിരുന്ന രതീഷ്കുമാർ എഫ്ഐആറിട്ട കേസിൽ എസ്എച്ച്ഒ വി.എസ്. പ്രവീൺ അന്വേഷണം നടത്തി. അടൂർ ഡിവൈഎസ്പി ആർ. ജയരാജ് കുറ്റപത്രം ഹാജരാക്കി.
18 സാക്ഷികളെയും 34 രേഖകളും പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനെന്നു കണ്ട് ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ പി. ജോൺ ഹാജരായി.