ബിറ്റുമിൻ പ്ലാന്റ് വിരുദ്ധ സമരത്തിൽ വിട്ടുനിന്നതിനെതിരേ സിപിഎം സമ്മേളനത്തിൽ വിമർശനം
1461062
Tuesday, October 15, 2024 12:08 AM IST
കുമ്പനാട്: സിപിഎം കുമ്പനാട് ലോക്കല്‍ സമ്മേളനത്തില്‍ ബിറ്റുമിന്‍ പ്ലാന്റിനെതിരേ രൂക്ഷ വിമര്‍ശനം. നാട്ടിലാകെ വിഷപ്പുക പടര്‍ത്തുന്ന പ്ലാന്റിനെതിരേ മുഴുവന്‍ രാഷ്ട്രീയ സംഘടനകളും ഒന്നിച്ച് സമരം നടത്തുമ്പോള്‍ സിപിഎം വിട്ടുനിന്നത് ദുരൂഹമാണെന്ന് സമ്മേളന പ്രതിനിധികൾ ആരോപിച്ചു.
കോയിപ്രം ഗ്രാമപഞ്ചായത്തിലെ 10,12,13,14 വാര്‍ഡുകളിലെ ബ്രാഞ്ചുകളില്‍നിന്ന് സമ്മേളനത്തിനെത്തിയ പ്രതിനിധികളാണ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. പാര്‍ട്ടിയുടെ ജില്ലാ, ഏരിയാ ഘടകങ്ങളും ഒരു പ്രമുഖ നേതാവും സംശയത്തിന്റെ മുള്‍മുനയിലാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. പ്ലാന്റില്‍നിന്നും വമിക്കുന്ന വിഷപ്പുക ശ്വസിക്കുന്നതിലധികവും കോളനികളില്‍ താമസിക്കുന്ന പാവപ്പെട്ടവരാണെന്ന തിരിച്ചറിവെങ്കിലും നേതൃത്വത്തിനുണ്ടാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു.
ബിജെപി സമരസമിതിയില്‍ ഉള്ളതുകൊണ്ടാണ് പാര്‍ട്ടി പങ്കെടുക്കാതിരിക്കുന്നതെന്നുള്ള ലോക്കല്‍ കമ്മിറ്റിയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിനിധികൾ ആറന്മുളയില് നടന്ന വിമാനത്താവള വിരുദ്ധ സമരത്തില്‍ ബിജെപിയുമായി വേദി പങ്കിട്ടതും ഓർമിപ്പിച്ചു.
12,13 തീയതികളില്‍ കടപ്ര - തട്ടയ്ക്കാട് പകല്‍വീട്ടില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ബിജു വര്‍ക്കിയെ വീണ്ടും തെരഞ്ഞെടുത്തു.