പിണറായി സര്‍ക്കാര്‍ അഴിമതി സാര്‍വത്രികമാക്കി: ചാണ്ടി ഉമ്മന്‍
1461061
Tuesday, October 15, 2024 12:08 AM IST
കുമ്പഴ: സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന്റെ എല്ലാ മേഖലകളിലും അഴിമതി നടത്തുകയും അതിനെ സാര്‍വത്രികമാക്കി സ്ഥാപനവത്കരിക്കുകയും ചെയ്തിരിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മികളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മകളുടെ ബ്ലോക്കുതല ഉദ്ഘാടനം കുമ്പഴ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളിലും മുഖ്യമന്ത്രിയുടെ ഓഫീസും മകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കുവാനോ നടപടികള്‍ സ്വീകരിക്കുവാനോ കഴിയാത്ത വിധം മുഖ്യമന്ത്രിയുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണെന്നും ബിജെി, സിപിഎം രഹസ്യ ധാരണയുടെ കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് നാസര്‍ തോണ്ടമണ്ണില്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, ഡിസിസി ഭാരവാഹികൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.