സ്ഥിരം സമിതി അധ്യക്ഷ ഇന്ദിരാ മണിയമ്മയുടെ വേർപാട് നഗരത്തിനു ദുഃഖമായി
1461058
Tuesday, October 15, 2024 12:08 AM IST
പത്തനംതിട്ട: കർമരംഗത്തു സജീവ സാന്നിധ്യമായിരുന്ന നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിരാ മണിയമ്മയുടെ ആകസ്മിക വേർപാട് നഗരത്തിനു ദുഃഖമായി.
ഹൃദയാഘാതത്തേത്തുടര്‍ന്ന് ഇന്നലെ രാവിലെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്ദിരാ മണിയമ്മ അന്തരിച്ചത്. നഗരസഭ പതിനഞ്ചാം വാർഡ് കൗൺസിലറായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകയും അങ്കണവാടി അധ്യാപികയുമായിരുന്ന ഇന്ദിരാ മണിയമ്മയ്ക്കു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനേത്തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ചാണ് വിജയിച്ചത്. പിന്നീട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു ഭരണത്തില്‍ പങ്കാളിയായി. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനവും ലഭിച്ചു. 40 വർഷമായി അങ്കണവാടി വർക്കറാണ്. രണ്ടുതവണ മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. നാരിശക്തി പുരസ്കാരവും ലഭിച്ചു.
നഗരസഭ നവംബറിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിന്റെ തിരക്കുകള്‍ക്കിടെയാണ് മരണം. സംഘാടക സമിതിയില്‍ ഹോസ്പിറ്റാലിറ്റി കമ്മിറ്റിയുടെ അധ്യക്ഷ കൂടിയായിരുന്നു. ടൗൺ ഹാളിനു മുന്പിലെ സംഘാടക സമിതി ഓഫീസിൽ എന്നുമെത്തി ചലച്ചിത്രോത്സവ പ്രവർത്തനങ്ങളുമായി വേണ്ട ഇടപെടൽ നടത്തിയിരുന്നു. നഗരസഭ കൗൺസിലിലും സജീവ ഇടപെടൽ നടത്തിയിരുന്ന ഇന്ദിരാമണിയമ്മ സ്ഥിരം സമിതി അധ്യക്ഷ എന്ന നിലയിൽ എല്ലാ കൗൺസിലർമാർക്കും വികസന പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണ നൽകിയിരുന്നു.
മൃതദേഹം നാളെ രാവിലെ 9.30 മുതൽ പത്തുവരെ നഗരസഭ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംസ്കാരം.