വനിതാ വില്ലേജ് ഓഫീസറുടെ മരണത്തില്‍ ചികിത്സാപ്പിഴവില്ലെന്ന് വിധി
1460822
Monday, October 14, 2024 1:54 AM IST
അടൂര്‍: വില്ലേജ് ഓഫീസറായിരുന്ന എസ്. കലയുടെ മരണത്തില്‍ ചികിത്സാപ്പിഴവില്ലെന്ന് തിരുവല്ല പെര്‍മനന്റ് ലോക് അദാലത്ത് വിധി. പി. ശശിധരന് ചെയര്‍മാനും വി.എന്‍. രാധാകൃഷ്ണന്, ഡോ. ഇ. മുഹമ്മദ് ഷെരീഫ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കലയുടെ മരണം ചികിത്സാപ്പിഴവാണെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും അടൂര്‍ ഹോളി ക്രോസ് ആശുപത്രിക്കും ചികിത്സിച്ച ഡോക്ടര്‍ക്കുമെതിരേ ഭര്‍ത്താവും മക്കളും നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
2021 ഒക്ടോബറിലാണ് അടൂര്‍ വില്ലേജ് ഓഫീസറായിരുന്ന കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല, അടൂര്‍ ഹോളി ക്രോസ് ആശുപത്രിയില്‍ തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ഇതേത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു മരണം. തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയുമായി മുമ്പോട്ടു പോയി.
രണ്ടുവര്‍ഷത്തോളം കേസില്‍ വിചാരണ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറടക്കം ഒട്ടേറെ സാക്ഷികളെ വിസ്തരിച്ചു. കലയുടെ മരണം ഹൃദയസ്തംഭനമാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നതായും കോടതി കണ്ടെത്തി. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെയും സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടെയും റിപ്പോര്‍ട്ടുകളും അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന പോലീസ് അന്വേഷണവും വിലയിരുത്തി.
മരിച്ച കലയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും ലഭിച്ചതായും ആശുപത്രിക്കോ ചികിത്സിച്ച ഡോക്ടര്‍ക്കോ എതിരേ യാതൊരു അനാസ്ഥയും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ വി.ഒ. റോബിന്‍സണ്‍, ബിനോ ജോര്‍ജ് മണ്ണികരോട്ട്, ഗ്രീനി ടി. വര്‍ഗീസ്, ജസ്റ്റിന് തോമസ്, നവീന്‍ എന്‍. റോബിന്‍സണ്‍ എന്നിവര്‍ ഹാജരായി.