അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കായി പത്തനംതിട്ട ഒരുങ്ങുന്നു
1460821
Monday, October 14, 2024 1:54 AM IST
പത്തനംതിട്ട: പ്രഥമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പത്തനംതിട്ടയെ ( ഐഎഫ്എഫ്പി ) വരവേല്‍ക്കാനൊരുങ്ങി നഗരം. പത്തനംതിട്ട നഗരസഭയും സംസ്ഥാന ചലച്ചിത്ര അക്കാഡമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബര്‍ 8, 9, 10 തീയതികളിലായി നഗരത്തില്‍ നടക്കും.
വിവിധ വിഭാഗങ്ങളിലായി ലോക ക്ലാസിക്കുകള്‍ കണ്മുന്നില് എത്തുന്നത് നാടിന് നവ്യാനുഭവം സമ്മാനിക്കും. മേളയുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
ക്ലാസിക് ചലച്ചിത്രങ്ങള്‍, 40 പ്രദര്‍ശനങ്ങള്‍
ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ എന്നീ വിഭാഗങ്ങളിലായി ഇരുപത്തിഅഞ്ചോളം ക്ലാസിക് ചലച്ചിത്രങ്ങളാണ് മേളയില്‍ ഉണ്ടാവുക. പത്തനംതിട്ട നഗരത്തിലെ നാല് തിയറ്ററുകളിലായി നാല്പതോളം പ്രദര്‍ശനങ്ങള്‍ നടക്കും. സംസ്ഥാന മന്ത്രിമാര്‍, വിഖ്യാത സംവിധായകര്‍, ചലച്ചിത്ര അക്കാഡമി ചെയര്മാന് എന്നിവര്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരും പത്തനംതിട്ടയുടെ ചലച്ചിത്ര പ്രതിഭകളും മേളയുടെ ഭാഗമാകും.
പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രമേളയെ നാടിന്റെ സാംസ്കാരിക ഉത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. മേളയ്ക്ക് മുന്നോടിയായി ജില്ലയുടെ വിവിധ മേഖലകളിലും കലാലയങ്ങളിലും സെമിനാറുകള്‍, നാടന്‍ കലകള്‍, ഫ്ളാഷ് മോബ് എന്നിവ അരങ്ങേറും. നവംബര്‍ ഏഴിന് നഗരത്തില്‍ ജില്ലയുടെ സാംസ്കാരിക മേഖലയെ അടയാളപ്പെടുത്തുന്ന വിപുലമായ വിളംബര ജാഥ നടത്തും.
മേളയില്‍ സിനിമാ പ്രദര്‍ശനം കൂടാതെ മീറ്റ് ദ ഡയറക്ടര്‍, ഓപ്പണ്‍ ഫോറം, സെമിനാറുകള്‍, പുസ്തകമേള എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേളയുടെ ഒരുക്കങ്ങള്‍ക്കായി നഗരസഭാധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന് ചെയര്‍മാനും എം.എസ്. സുരേഷ് കണ്‍വീനറുമായ വിപുലമായ സംഘാടക സമിതിയും 18 ഉപസമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രവേശനം രജിസ്ട്രേഷനിലൂടെ
ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷന് നിര്‍ബന്ധമാണ്. നഗരത്തിലെ ടൗണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകസമിതി ഓഫീസില്‍ നേരിട്ട് ഗൂഗിള്‍ ഫോം മുഖേനയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോളജ് നല്കുന്ന തിരിച്ചറിയല്‍ രേഖ ഹാജരാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 300 രൂപയുമാണ് മേളയുടെ രജിസ്ട്രേഷന് ഫീസ്.
ഇത് ഓണ്‍ലൈനായി അടയ്ക്കുന്നതിന് യുപിഐ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫെസ്റ്റിവല്‍ ബുക്ക്, ഫിലിം ഷെഡ്യൂള്‍, ബാഡ്ജ് എന്നിവ ഉള്‍പ്പെടുന്ന കിറ്റ് നല്‍കും. മേളയുടെ പ്രചാരണത്തിനായി ഫേ്സ്ബുക്ക് പേജ് സന്ദര്‍ശിക്കാം. ഫോണ്‍: 9447945710, 9447439851 (വാട്സ്ആപ് നമ്പര്‍).
മേളയുടെ സന്ദേശവുമായി കുടുംബശ്രീ
നഗരത്തിലെ പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രമേളയെ വരവേല്‍ക്കാന്‍ കുടുംബശ്രീ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. സംഘാടകസമിതി ഓഫീസിലെ സാന്നിധ്യം മുതല്‍ മേളയില്‍ ഉടനീളം സജീവമാകാനാണ് നഗരസഭയിലെ സിഡിഎസ് യോഗ തീരുമാനം.
മേളയുടെ സന്ദേശം എല്ലാ കുടുംബങ്ങളിലും എത്തിക്കാന്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ അയല്‍ക്കൂട്ടങ്ങള്‍ വിളിച്ചു ചേര്‍ക്കാനും വിളംബരജാഥയില്‍ പങ്കെടുത്ത് വര്‍ണാഭമാക്കാനും യോഗം തീരുമാനിച്ചു. ജാഥയിലെ മികച്ച പങ്കാളിത്തത്തിന് പാരിതോഷികം നല്‍കും. മേളയുടെ വോളണ്ടിയേഴ്സായും കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ പ്രവര്‍ത്തിക്കും. കുടുംബശ്രീ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി വൈസ് ചെയര്മാന് ജാസിംകുട്ടി, കൗണ്‍സിലര്‍മാരായ പി.കെ. അനീഷ് , എ. സുരേഷ് കുമാര്‍, ശോഭ കെ. മാത്യു, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, വൈസ് ചെയര്‍പേഴ്സണ്‍ ടീന സുനില്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍ സുധീര്‍ രാജ്, കമ്യൂണിറ്റി കൗണ്‍സിലര്‍ അര്‍ച്ചന, എന്‍യുഎല്‍എം സിഒ ജയലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.