സ്കൂൾ അടിച്ചുതകർത്ത മുൻ വിദ്യാർഥിക്ക് തടവുശിക്ഷ
1460360
Friday, October 11, 2024 2:57 AM IST
പത്തനംതിട്ട: കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചുകടന്ന്, ക്ലാസ് മുറിയും മറ്റും അടിച്ചു തകർത്തു പൊതുമുതൽ നശിപ്പിച്ച കേസിൽ മുൻ വിദ്യാർഥിക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ച് കോടതി.
കലഞ്ഞൂർ കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേവീട്ടിൽ പ്രവീണി(20)നെയാണ് പത്തനംതിട്ട ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. മജിസ്ട്രേറ്റ് കാർത്തികപ്രസാദിന്റേതാണ് വിധി.
2023 നവംബർ 24 പുലർച്ചെ 1.30 ന് സ്കൂളിൽ അതിക്രമിച്ചുകടന്ന ഇയാൾ, ക്ലാസ് മുറിയിലെയും എൻസിസി എൻഎസ്എസ് ഓഫീസുകളുടെയും ജനൽ ചില്ലകൾ അടിച്ചുതകർത്തു. പിന്നീട് സ്കൂളിന് സമീപമുള്ള ബേക്കറിയിലെയു മറ്റും സിസിടിവികളും ഗ്ലാസും നശിപ്പിച്ചു. തുടർന്ന് കലഞ്ഞൂർ ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു.
കൂടൽ പോലീസ് ഉടനടി സ്ഥലത്തെത്തി ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്. എസ്ഐ ഷെമി മോൾ കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എം.ആർ. രാജ്മോഹൻ ഹാജ രായി.