ഫാ. ഇ.പി. മാത്യുവിന്റെ പൗരോഹിത്യ സുവർണ ജൂബിലി നാളെ
1460358
Friday, October 11, 2024 2:57 AM IST
ചുങ്കപ്പാറ: ഈശോ സഭയുടെ (എസ്ജെ) കേരള പ്രൊവിൻഷൽ ഫാ. ഇ.പി . മാത്യു ഇലഞ്ഞിപ്പുറത്ത് പൗരോഹിത്യ സുവർണ ജുബിലി നിറവിൽ. ചുങ്കപ്പാറ നിർമലപുരം ഇലഞ്ഞിപ്പുറത്ത് പരേതരായ പീലിപ്പോസ് - മേരി ദമ്പതികളുടെ മകനാണ് ഫാ. ഇ.പി. മാത്യു.
ജൂബിലിയോടനുബന്ധിച്ച് നാളെ രാവിലെ 10ന് കുളത്തൂർ ലിറ്റിൽ ഫ്ലവർ പളളിയിൽ കൃതജ്ഞതാ ബലി അർപ്പണവും തുടർന്ന് അനുമോദന സമ്മേളനവും നടക്കും.
1956 ജൂൺ 19നാണ് ഫാ. ഇ.പി. മാത്യുവിന്റെ ജനനം. ചുങ്കപ്പാറ സിഎംഎസ് എൽപി സ്കൂൾ, കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിനുശേഷം 1974 ൽ പാറ്റ്നയിൽ തുടർ പഠനം. 1978 ൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിൽ ബിഎ ഇക്കണോമിസിൽ ബിരുദം എടുത്തു.
1981 ൽ ചൈന്നെ സത്യനിലയം സെമിനാരിയിൽ ഫിലോസഫിയിൽ ബിരുദം നേടി. 1991 ൽ ഡീക്കൻ പട്ടവും ഒക്ടോബർ 19ന് കുളത്തൂർ ലിറ്റിൽ ഫ്ലവർ പളളിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പൗവത്തിലിൽനിന്ന് വൈദികപട്ടവും സ്വീകരിച്ചു.
1983 പൂനെ പേപ്പൽ സെമിനാരിയിൽനിന്ന് എംഎ ഫിലോസഫിയിൽ ബിരുദം നേടി. 1986 ൽ തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ റീജൻസിൽ പ്രവേശിച്ചു. 1988 മുതൽ പൂനെ പേപ്പൽ സെമിനാരിയിൽ തിയോളജി, 1992 മുതൽ ചൈന്നൈ സത്യ നിലയത്തിൽ ഫിലോസഫി പ്രഫസറായും സേവനം ചെയ്തു.
1997 ൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽനിന്ന് ഫിലോസഫിയിൽ പിഎച്ച്ഡി നേടി. 2000ൽ പോസ്റ്റ് പിഎച്ച്ഡിക്കായി യുഎസ്എ ബോസ്റ്റൻ കോളജിൽ ചേർന്നു.
2001 മുതൽ ഫിലോസഫി പ്രഫസറായി ചൈന്നെ സത്യ നിലയത്തിൽ സേവനം ചെയ്തു. 2008 ൽ വൈസ് പ്രൊവിൻഷ്യലായിരുന്നു. 2013 മുതൽ ചൈന്നെ ലയോളാ കോളജിൽ ഫിലോസഫിയുടെ ഹെഡായി പ്രവർത്തിച്ചു. 2019 മുതൽ ഈശോ സഭയുടെ കേരള പ്രൊവിൻഷ്യലാണ്.