പരുമല ഉപദേശിക്കടവ് പാലം: അപ്രോച്ച് റോഡ് പണികൾ ഇഴയുന്ന ു
1460356
Friday, October 11, 2024 2:57 AM IST
പരുമല: ഉപദേശിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഇഴയുന്നു. ഈ മാസം പാലം ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. മാത്യു ടി. തോമസ് എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം വന്നത്. എന്നാൽ പാലം പൂർത്തിയായിട്ടും അപ്രോച്ച് റോഡിന്റെ നിർമാണം അനന്തമായി നീളുകയായിരുന്നു.
പരുമല, വളഞ്ഞവട്ടം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണം അനന്തമായി നീണ്ടതിനേത്തുടർന്നാണ് എംഎൽഎ സബ്മിഷൻ ഉന്നയിച്ചത്.
അപ്രോച്ച് റോഡിന്റെ നിർമാണം ഉൾപ്പടെ പൂർത്തീകരിക്കാനുള്ള കാലക്രമം സംബന്ധിച്ച ചോദ്യത്തിനാണ് പരുമല പെരുന്നാളിന് മുൻപ് എല്ലാം പൂർത്തിയാകുമെന്നു മന്ത്രി പറഞ്ഞത്. എന്നാൽ പെരുനാളിന് കൊടിയേറുവാൻ ഇനി രണ്ടാഴ്ച മാത്രമുള്ളപ്പോൾ അപ്രോച്ച് റോഡ് നിർമാണം എങ്ങുമെത്താതെ നിൽക്കുകയാണ്.
പാലം പൂർത്തിയായി
ഒരു നാടിന്റെ നീണ്ടകാലത്തെ സ്വപ്നമായിരുന്നു പരുമല ഉപദേശിക്കടവ് പാലം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പാലത്തിന്റെ പണികൾ
ഏറെക്കുറെ പൂർത്തിയായി. പെയിന്റിംഗ് ജോലികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. നാല് വർഷം മുൻപാണ് പാലത്തിന്റെ പണികൾ തുടങ്ങിയത്.
ഇപ്പോൾ പാലത്തിലൂടെ കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും പോകുവാൻ കഴിയുന്നുണ്ട്. പാലത്തിൽനിന്നു ചെങ്ങന്നൂർ - പരുമല റോഡിലെ തിക്കപ്പുഴയിലേക്കാണ് റോഡ് എത്തുന്നത്. പാലത്തിനൊപ്പം അപ്രോച്ച് റോഡിന്റെ പണികളും നടന്നിരുന്നില്ല. അപ്രോച്ച് റോഡ് നിർമാണത്തിനു സ്ഥലമേറ്റെടുക്കൽ അടക്കം വൈകിയതാണ് കാരണം. ഇതാണ് പാലം പൂർത്തിയായിട്ടും അപ്രോച്ച് റോഡിന്റെ പണികൾ വൈകാനിടയാക്കിയത്.
പ്രധാന പാതയിലെ തിരക്കൊഴിവാകും
കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെയാണ് പാലം. സംസ്ഥാന ബജറ്റിൽ 25 കോടി രൂപ അനുവദിച്ച് 2020 സെപ്റ്റംബർ 17-നാണ് പണി തുടങ്ങിയത്. 13 സ്പാനുകളിൽ ഫ്ലൈഓവർ മോഡലിലാണ് പാലം നിർമിച്ചത്. വളഞ്ഞവട്ടം ഭാഗത്ത് ഏഴ് സ്പാനുകളും നദിയിൽ മൂന്ന് സ്പാനുകളും പരുമല ഭാഗത്ത് മൂന്ന് സ്പാനുകളുമാണ്.
271.50 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്.15 വാർഡുകളുള്ള കടപ്ര പഞ്ചായത്തിലെ പരുമലയിലുള്ള അഞ്ച് വാർഡുകളിലുള്ളവർ ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മാന്നാർ വഴി വേണം കടപ്രയിൽ എത്താൻ. പാലംപൂർത്തിയാകുന്നതോടെ കുറ്റൂർ, പ്രാവിൻകൂട്, കല്ലുങ്കൽ, വെൺപാല, തുകലശേരി പ്രദേശത്തുനിന്ന് ടൗണിലെ തിരക്കിൽപ്പെടാതെ വേഗത്തിൽ പരുമലയിലേക്ക് എത്താനാകും.
ചെങ്ങന്നൂർ ഭാഗത്തുനിന്ന് പരുമല പള്ളിയിലേക്കും ഒരു പാതകൂടി തുറക്കും. പെരുന്നാളിനോടനുബന്ധിച്ച പ്രധാന പാതകളിലെ തിരക്ക് കുറയ്ക്കാൻ പാലം സഹായകരമാകും.