നവമാധ്യമങ്ങളുടെ കാലഘട്ടത്തിൽ പോസ്റ്റ് ഓഫീസിന്റെ പ്രാധാന്യം : തപാൽദിനത്തിൽ കുട്ടികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു
1460353
Friday, October 11, 2024 2:41 AM IST
കുമ്പനാട്: ലോക തപാൽ ദിനത്തിന്റെ ഭാഗമായി കുമ്പനാട് ഗവ. യുപി സ്കൂൾ വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പ്രവർത്തനങ്ങൾ പഠിച്ചു. ഇൻലൻഡ്, പോസ്റ്റ് കാർഡ്, പോസ്റ്റൽ സ്റ്റാമ്പുകൾ, മണിഓർഡർ ഫോം എന്നിവ കുട്ടികൾ നേരിട്ട് കണ്ടു.
പോസ്റ്റ് ഓഫീസിൽ കത്തുകൾ തരം തിരിക്കുന്ന രീതിയെപ്പറ്റിയും പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ വിവിധ സമ്പാദ്യപദ്ധതികളെ സംബന്ധിച്ചും പോസ്റ്റ് മാസ്റ്റർ ശാന്തികൃഷ്ണ, പോസ്റ്റൽ അസിസ്റ്റന്റ് എ.കെ. അശ്വതി എന്നിവർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
കുമ്പനാട് പോസ്റ്റ് ഓഫീസിലെ സീനിയർ പോസ്റ്റ്മാൻ അനി കെ. കുഞ്ഞച്ചന് വിദ്യാർഥികൾ ആദരം നൽകി. നവമാധ്യമങ്ങളുടെ കാലഘട്ടത്തിൽ പോസ്റ്റ് ഓഫീസിന്റെ പ്രാധാന്യം പുതുതലമുറയ്ക്കു മനസിലാക്കിക്കൊടുക്കുന്നതിനുവേണ്ടിയാണ് പോസ്റ്റ് ഓഫീസ് സന്ദർശിച്ചത്.
കുട്ടികളിൽ നല്ലൊരു ശതമാനവും ജീവിതത്തിൽ ആദ്യമായാണ് പോസ്റ്റ് ഓഫീസിൽ പോകുന്നത്. ജയ അജിൻ, അധ്യാപകരായ കെ. എ. തൻസീർ, വൈ. സുമയ്യ, എൽ. മഞ്ജു എന്നിവർ പ്രസംഗിച്ചു.
ചുങ്കപ്പാറയിൽ
ചുങ്കപ്പാറ: തപാൽദിനത്തിൽ ചുങ്കപ്പാറ സെന്റ് ജോർജ്സ് ഹൈസ്കൂളിലെ കുട്ടികളുടെ ആഭിമുഖ്യത്തിൽ ചുങ്കപ്പാറ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. പോസ്റ്റ്മാസ്റ്റർ സതീഷ്, പോസ്റ്റ്മാൻ ബേബി ജോൺ എന്നിവരെ കുട്ടികൾ ആദരിച്ചു.
തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളെ സംബന്ധിച്ച് പോസ്റ്റ്മാസ്റ്റർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ്, അനി മാത്യു, റോബിൻ മാത്യു, മാത്യൂസ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.