ഭാര്യയെയും അമ്മയെയും ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
1459201
Sunday, October 6, 2024 2:54 AM IST
പന്തളം: പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാൻ അനുവദിക്കാത്തതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി അതിക്രമം കാട്ടുകയും ഭാര്യയെയും മാതാവിനെയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
അടൂർ പെരിങ്ങനാട് മേലൂട് പന്നി വേലിക്കൽ അനുരാജ് ഭവനം എ. ആർ. അനിരാജാണ് (34) അറസ്റ്റിലായത്. ഭാര്യ രാജിരാജ്, അമ്മ ലക്ഷ്മി എന്നിവർക്കാണ് മർദ്ദന മേറ്റത്. ഇരുവരും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയും ഇവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടോടെ കുരമ്പാല സൗത്ത് മയിലാടും കുളത്തിലുള്ള ഭാര്യയുടെ വീട്ടിലെത്തി രാജിയെയും കുഞ്ഞിനെയും കാണണമെന്ന് ഭർത്താവ് അനിരാജ് ആവശ്യപ്പെട്ടു. പകൽ വരാൻ പറഞ്ഞപ്പോൾ അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിക്കുകയായിരുന്നു. യുവതിയെയും മാതാവിനെയും ഇയാൾ ക്രൂരമായ മർദ്ദിച്ചു.
ഭയന്ന് വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ, അടുക്കളയുടെ കതക് ബലം പ്രയോഗിച്ച തുറന്ന് ഉള്ളിൽ കയറി വീണ്ടും ഉപദ്രവിച്ചതായി പറയുന്നു. ഭിത്തിയോട് ചേർത്തുവച്ച് മർദ്ദിച്ചതിൽ ലക്ഷ്മിയുടെ നട്ടെല്ലിന് ക്ഷതമേറ്റു.വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പന്തളം പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതിരമലയിൽ വച്ച് കസ്റ്റഡിയിലെടുക്കവേ പോലീസിനെ അനിരാജ് ആക്രമിക്കാൻ ശ്രമിച്ചു. മൽപ്പിടിത്തത്തിലൂടെയാണ് പോലീസ് സംഘം ഇയാളെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പന്തളം എസ്എച്ച്ഒ ടി. ഡി. പ്രതീഷ് അന്വേഷണത്തിനു നേതൃത്വം നൽകി.