വനിതാ കൂട്ടായ്മയിലെ സംഘശക്തി; ആറന്മുളയിലും പൂപ്പാടം
1459197
Sunday, October 6, 2024 2:49 AM IST
കോഴഞ്ചേരി: വനിതാകൂട്ടായ്മയുടെ സംഘശക്തിയുടെ വിജയമാണ് ആറന്മുളയിലെ പൂപ്പാടം.
മാവേലിക്കര - കോഴഞ്ചേരി റോഡില്‍ ആറന്മുള വിളക്കുമാടത്തിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് പൂക്കളുടെ പാടം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 'ഓണത്തിന് ഒരുമുറം പൂവും പച്ചക്കറിയും' പദ്ധതിയുടെ ഭാഗമായിട്ടാണ് ഇടയാറന്മുള സ്വദേശികളായ സുനിത മോഹന്‍, ഉഷ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മോനിഷ സ്വയംസഹായസംഘമാണ് പൂക്കൃഷി ആരംഭിച്ചത്.
ഓണത്തോടനുബന്ധിച്ച് ഉത്രാടം നാളില്‍ 7000 രൂപയുടെ പൂക്കളാണ് ഇവര്‍ വിറ്റത്. ആദ്യവില്പന കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോഴേക്കും വീണ്ടും കൃഷിയിടം പൂക്കള്‍കൊണ്ട് നിറഞ്ഞു. നിരവധിയാളുകളാണ് പൂപ്പാടം കാണാനെത്തിയത്. കുട്ടികൾക്കും യുവാക്കൾക്കും സെൽഫി പോയിന്റായും പാടം മാറി.
25 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ചാണകവും ജൈവവളങ്ങളും ഉപയോഗിച്ചാണ് പൂക്കൃഷി ചെയ്യുന്നത്. ഓണക്കാലം കഴിഞ്ഞതോടുകൂടി പൂക്കള്‍ വാങ്ങുന്നതിന് ആവശ്യക്കാര്‍ കുറവാണെങ്കിലും ആറന്മുള പാർഥസാരഥിക്ഷേത്രം, മാലക്കര തൃക്കോവില്‍, ചെറുപ്പുഴക്കാട്ട് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിശേഷ ദിവസങ്ങളിലും ഉത്സവങ്ങള്‍ക്കും ഇത്തവണ പൂക്കള്‍ വാങ്ങിയത് വിളക്കുമാടത്തെ പൂപ്പാടത്തു നിന്നാണ് മൂന്നുമാസങ്ങള്‍ക്കുമുന്‍പ് ആറന്മുള കൃഷി ഭവനില്‍ നിന്നും ലഭിച്ച 1000 ബന്ദിത്തൈകളില്നിന്നായിരുന്നു പൂപ്പാടത്തിന്റെ തുടക്കം.
ത്രിതല പഞ്ചായത്തുകളില്‍ നിന്നും കൃഷിഭവനില്‍ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചതെന്ന് മോനിഷ സ്വയംസഹായസംഘം ഭാരവാഹികള്‍ പറഞ്ഞു. അടുത്ത സീസണില്‍ കൂടുതല്‍ സ്ഥലത്ത് പൂക്കൃഷി ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇവര്‍. പൂക്കൃഷിയോടൊപ്പം പച്ചക്കറി - വാഴക്കൃഷിയും സംഘം നടത്തുന്നുണ്ട്.