ചിറ്റാർ - സീതത്തോട് പാതയിൽ കാട്ടാനയുടെ സാന്നിധ്യം
1459190
Sunday, October 6, 2024 2:49 AM IST
പത്തനംതിട്ട: ചിറ്റാർ - സീതത്തോട് പ്രധാന പാതയിൽ കാട്ടാനയുടെ സ്ഥിര സാന്നിധ്യം. പാത മുറിച്ചു കടന്ന് കാട്ടാനകൾ സഞ്ചരിക്കുന്നത് പതിവായതോടെ മുന്നറിയിപ്പുമായി വനംവകുപ്പും രംഗത്തെത്തി. ജനവാസ മേഖലയും നിരവധി വാഹനങ്ങൾ കടന്നുപോകുന്നതുമായ ചിറ്റാർ - സീതത്തോട് - ആങ്ങമൂഴി പാത മുറിച്ചു കടന്നാണ് കഴിഞ്ഞദിവസങ്ങളിൽ രണ്ട് കാട്ടാനകൾ പകൽ സമയത്തു പോലും എത്തിയത്.
ഇതോടെ പ്രദേശത്തു ജാഗ്രതാ നിർദേശം നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തി. സ്ഥലത്ത് വനപാലകർ ക്യാന്പ് ഏർപ്പെടുത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ പ്രദേശത്ത് പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. രണ്ട് കൊന്പനാനകളാണ് സ്ഥിരമായി ജനവാസ മേഖലകളിലേക്ക് എത്തുന്നത്.
കക്കാട്ടാറ് മുറിച്ചു കടന്നാണ് ഇവ ജനവാസ മേഖലകളിൽ പ്രവേശിക്കുന്നത്. രാത്രിയിൽ കാടിറങ്ങുന്ന കൊന്പനാനകൾ ജനവാസ മേഖലകളിൽ കടന്ന് തീറ്റ തേടിയ ശേഷം നേരം പുലർന്നതിനുശേഷമാണ് തിരികെ മടങ്ങുന്നത്.
സീതത്തോട് പാതയിൽ ഊരാംപാറ ഭാഗത്താണ് ഇവ പ്രധാന പാത മുറിച്ചു കടക്കുന്നത്. ചിറ്റാർ ബിമ്മരം കാട്ടിലേക്കാണ് ഇവയുടെ മടക്കം. ഇതോടെയാണ് യാത്രക്കാർ ഉൾപ്പെടെ ഭീതിയിലായത്.
ഗവിയിലേക്ക് അടക്കം നിരവധി വാഹനങ്ങൾ പുലർച്ചെ കടന്നു പോകുന്ന പാതയിലാണ് കാട്ടാനയുടെ സ്ഥിര സാന്നിധ്യം ഉണ്ടാകുന്നത്. ആങ്ങമൂഴി, സീതത്തോട് മേഖലകളിൽ നിന്നു പുലർച്ചെ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഈ റോഡു വഴി കടന്നു പോകുന്നുമുണ്ട.
ഇതാദ്യമായാണ് പട്ടാപകൽ ചിറ്റാർ - സീതത്തോട് പാത മുറിച്ചു കടന്ന് കാട്ടുകൊന്പൻമാരുടെ യാത്ര ശ്രദ്ധയിൽപെടുന്നത്.
കഴിഞ്ഞദിവസം രാവിലെ ഇതുവഴിയെത്തിയ ആങ്ങമൂഴി - കോട്ടയം റൂട്ടിലെ സ്വകാര്യ ബസ് ആനയുടെ മുന്പിൽപെട്ടു. ബസ് ഏറെ നേരം റോഡരികിലേക്ക് മാറ്റിയിട്ടു. പിന്നീട് ആനകൾ രണ്ടും റോഡ് കടന്നശേഷമാണ് യാത്ര തുടരാനായത്. റോഡ് മുറിച്ചു കടന്ന കാട്ടാനകൾ റബർ തോട്ടത്തിൽ തങ്ങിയശേഷമാണ് കക്കാട്ടാറ്റിലേക്ക് ഇറങ്ങുന്നത്. ഇതോടെ ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലായി. ടാപ്പിംഗ് തൊഴിലാളിയായ രാജേന്ദ്രൻ കഴിഞ്ഞദിവസം തലനാരിഴയ്ക്കാണ് ആനകളുടെ മുന്പിൽ നിന്നു രക്ഷപെട്ടത്.
രാത്രിയാത്രക്കാർ ജാഗ്രത പാലിക്കണം
രാത്രിയിൽ ആനയുടെ സാന്നിധ്യം ഈ മേഖലയിലുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചു. പുലർച്ചെയും രാവിലെയുമായി കടന്നുവരുന്ന വാഹനങ്ങൾക്കും മുന്നിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിലെ പ്രഭാത സവാരിക്കാർ അടക്കം പ്രത്യേകം ശ്രദ്ധിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
കാട്ടാനകളുടെ സ്ഥിര സാന്നിധ്യം ജനവാസ മേഖലയിലും പൊതുനിരത്തിലും ആയതോടെ ഇവയെ കാണുന്നതിനായി നിരവധിയാളുകൾ എത്തുന്നുണ്ട്. വനംവകുപ്പ് ഇന്നലെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. കട്ടച്ചിറ വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചിറ്റാർ പാതയിലെ കാടുകളും നീക്കം ചെയ്തു തുടങ്ങി.