എയ്ഡഡ് സ്കൂളുകളിലെ ശന്പള ബില്ലുകൾ വൈകിപ്പിക്കാൻ നീക്കം: കെപിപിഎച്ച്എ
1458960
Saturday, October 5, 2024 2:57 AM IST
പത്തനംതിട്ട: ദീര്‍ഘനാളത്തെ സമര പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപകർ നേടിയെടുത്ത അവകാശം ധനവകുപ്പ് അട്ടിമറിച്ചതിൽ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ശന്പള ബില്ലുകൾ ട്രഷറിയിൽ നൽകാൻ എയ്ഡഡ് സ്ഥാപന മേലധികാരികൾക്കു കഴിയുമായിരുന്നു. 2013 ജനുവരി 16ന് അന്നത്തെ സർക്കാരാണ് എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരിക്ക് സെല്‍ഫ് ഡ്രോയിംഗ് പദവി നല്കി ഉത്തരവ് പുറത്തിറക്കിയത്. ഇതിലൂടെ ശന്പളബില്ലുകൾ പാസാക്കിയെടുക്കാൻ കഴിയുമായിരുന്നു.
അലവൻസുകൾ, ദിവസ വേതനക്കാരുടെ ശന്പളം തുടങ്ങിയവ ഇപ്പോഴും വിദ്യാഭ്യാസ ഓഫീസർമാരുടെ അംഗീകാരത്തോടെയാണ് പാസാക്കുന്നത്. പുതിയ ഉത്തരവ് അധ്യാപകരുടെയും ജീവനക്കാരുടെയും ശന്പളം വൈകിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് കെപിപിഎച്ച്എ ജില്ലാ സെക്രട്ടറി ബെന്നി ഒ. സൈമൺ പറഞ്ഞു.
കെപിപിഎച്ച്എ ദീർഘകാലം നടത്തിയ പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്ത അവകാശമാണ് അട്ടിമറിക്കപ്പെട്ടത്. ഇതിൽ പ്രതിഷേധം കടുപ്പിക്കാനും പ്രക്ഷോഭരംഗത്തിറങ്ങാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ബി. ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജി ജോർജ്, പി.ജെ. സാറാമ്മ, ബെന്നി ഫിലിപ്പ്, കൃഷ്ണകുമാരി, ഇ.ജെ. മിനി, മിനി എസ്. ഈപ്പൻ, മിനി കോശി, ഷൈനി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.