ചിറ്റാർ മത്തായി കേസിൽ പുനരന്വേഷണത്തിനു തടസമില്ലെന്ന് ഹൈക്കോടതി
1458956
Saturday, October 5, 2024 2:55 AM IST
പത്തനംതിട്ട: സിബിഐഅന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച വനപാലകർ പ്രതിയായ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണം നടത്തുന്നതിനു തടസമില്ലെന്ന് കേരള ഹൈക്കോടതി.
മരിച്ച യുവകർഷകൻ പി.പി. മത്തായിയുടെ ഭാര്യ ഷീബാമോൾ അഭിഭാഷകനായ ജോണി കെ. ജോർജ് മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റീസ് സി.എസ്. സുധയുടെ വിധി ഉണ്ടായത്.
സിബിഐ അന്വേഷിച്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്നും ആയത് തിരുത്തുന്നതിന് പുനരന്വേഷണം നടത്തുന്നതിന് ഉത്തരവു വേണമെന്നും ആവശ്യപ്പെട്ടാണ് ഷീബാമോൾ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
പുനരന്വേഷണത്തിനു സിബിഐയോട് ഉത്തരവിടാൻ സിജെഎം കോടതിക്ക് അധികാരമില്ലെന്നു കാട്ടി ഹർജി കോടതി തള്ളിയിരുന്നു. ഇതിനെതിരേ ഷീബാമോൾ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഉത്തരവുണ്ടായത്.
കേസിന്റെ വിചാരണ വേളയിൽ പ്രതികൾക്ക് അനുകൂലമാകാൻ സാധ്യതയുള്ള നിരവധി പിഴവുകൾ ഹർജിക്കാരിയുടെ അഭിഭാഷകൻ അക്കമിട്ട് കോടതി മുന്പാകെ ചൂണ്ടിക്കാട്ടിയിരുന്നു.