കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി
1458538
Thursday, October 3, 2024 2:25 AM IST
റാന്നി: ഗാന്ധിജയന്തി ദിനത്തിൽ സിഎസ്ഐ കുമ്പളാംപൊയ്ക വൈദിക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പൊതുഗതാഗത വാഹനങ്ങൾ വൃത്തിയാക്കുകയും റാന്നി ഇട്ടിയപ്പാറ ബസ് ടെർമിനൽ ശുചീകരിക്കുകയും ചെയ്തു. റാന്നി ഡിപ്പോയിലെ ആറ് കെഎസ്ആർടിസി ബസുകളാണ് യുവജനങ്ങൾ വൃത്തിയാക്കിയത് .
ബസുകളുടെ സർവീസ് ആരംഭിക്കുന്നതിനു മുന്പ് പുലർച്ചെ ആറു മുതൽ അമ്പതിലധികം വരുന്ന യുവജനങ്ങൾ കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കുവാൻ തുടങ്ങിയിരുന്നു. രാജു ഏബ്രഹാം എക്സ് എംഎൽഎ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. റവ. ഹാപ്പി ഏബ്രഹാം, റവ. അജിൻ മാത്യു, റവ.പി.എസ്. ജേക്കബ്, യുവജന പ്രസ്ഥാനം മഹായിടവക ഓർഗനൈസിംഗ് സെക്രട്ടറി ആൽഫിൻ എം. റെജി, ജില്ലാ സെക്രട്ടറി ആൽബിൻ ജോൺ സാമുവൽ, ജസ്റ്റിൻ ജോസഫ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.