കോന്നിയിൽ പരിഹാരം കാത്ത് ആയിരക്കണക്കിന് പട്ടയങ്ങൾ
1458529
Thursday, October 3, 2024 2:25 AM IST
കോന്നി: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലി ഇന്ന് വൈകുന്നേരം 3.30ന് കോന്നി പ്രിയദർശിനി ഹാളിൽ ചേരുമെന്ന് കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ,ജന പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
കോന്നി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന ഉന്നതതല യോഗത്തിന്റെ തുടർച്ചയായാണ് ഇന്ന് അസംബ്ലി മണ്ഡലംതല യോഗം ചേരുന്നത്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിന് മന്ത്രിതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
അരുവാപ്പുലം, കലഞ്ഞൂർ, കോന്നി പഞ്ചായത്തുകളിൽ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കുന്നതിനും മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം,ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങളിൽ തീരുമാനമെടുക്കുന്നതിനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്രാനുമതി ആവശ്യമില്ലാത്ത പട്ടയങ്ങളാണ് സംസ്ഥാന റവന്യുവകുപ്പിനു നൽകാനാകുന്നത്. വളരെക്കുറച്ച് ആളുകൾക്കു മാത്രമേ ഇതിന്റെ പ്രയോജനം ലഭ്യമാകുകയുള്ളൂ.
മലയോര പട്ടയത്തിൽ കേന്ദ്ര തീരുമാനം വൈകും
കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും മധ്യേയുള്ള കാലഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്.
മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും, പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയത്തിന് അനുമതി തേടി സംസ്ഥാന റവന്യുവകുപ്പ് കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടു തന്നെ രണ്ടുവർഷമായി. 2015ൽ യുഡിഎഫ് ഭരണകാലത്ത് കേന്ദ്രാനുമതി കാത്തിരിക്കാതെ സംസ്ഥാന സർക്കാർ 1400 ഓളം പട്ടയങ്ങൾ കോന്നിയിൽ അനുവദിച്ചിരുന്നു.
എന്നാൽ ഈ പട്ടയം നിലനിൽക്കുന്നതല്ലെന്ന് പിന്നീടുവന്ന എൽഡിഎഫ് സർക്കാർ വിലയിരുത്തുകയും ഇവ റദ്ദാക്കുകയും ചെയ്തു. പട്ടയം നൽകിയ ഭൂമി വനാതിർത്തിയിലുള്ളതാണെന്നും കേന്ദ്രാനുമതി വേണ്ടതാണെന്നും റവന്യുവകുപ്പുതന്നെ രേഖപ്പെടുത്തുകയും ചെയ്തു.
ഇതുൾപ്പെടെയുള്ള ഭൂമിക്ക് പട്ടയാനുമതി തേടി കേന്ദ്രത്തിനു കത്തു നൽകിയെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് അപേക്ഷ മടക്കുകയായിരുന്നു. ഇതിനോടകം അഞ്ചിലേറെ തവണ കേന്ദ്രത്തിന് സംസ്ഥാന റവന്യുവകുപ്പ് വിശദീകരണക്കത്ത് നൽകി. എന്നാൽ വനം, റവന്യുഭൂമികളുടെ വേർതിരിവ് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ആയിട്ടില്ല. ഇക്കാരണത്താൽ പട്ടയം സംബന്ധിച്ച തീരുമാനം വൈകുകയാണ്.