രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങൾക്കെതിരേ കോൺഗ്രസ് പ്രകടനം നടത്തി
1454282
Thursday, September 19, 2024 3:01 AM IST
പത്തനംതിട്ട: ലോക്സഭയിലെ പ്രതിപക്ഷ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രിയങ്കരനുമായ രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള ബിജെപി - സംഘപരിവാർ ശ്രമം ജനങ്ങളോടും ഇന്ത്യൻ ജനാധിപത്യത്തോടുമുള്ള കടുത്ത വെല്ലുവിളിയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എംപി.
രാഹുൽ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗങ്ങൾക്കെതിരേ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരമായി രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തിട്ടും ഐതിഹാസികമായ പോരാട്ടത്തിലൂടെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസും ഇന്ത്യ മുന്നണിയും നേടിയ തിളക്കമാർന്ന വിജയം ബിജെപിയുടെ സ്വപ്നങ്ങളെ തകർക്കുകയും അങ്കലാപ്പിലാക്കിയിരിക്കുകയും ചെയ്തിരിക്കുകയാണെന്ന് ആന്റോ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാൻ, നിർവാഹകസമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ, കെ. ജയവർമ, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, അനിൽ തോമസ്, എം.ജി. കണ്ണൻ,
സാമുവൽ കിഴക്കുപ്പുറം, കെ. ജാസിം കുട്ടി, റോഷൻ നായർ, സജി കൊട്ടക്കാട്, സുനിൽ എസ്. ലാൽ, സിന്ധു അനിൽ, ലാലു ജോൺ, എം.എസ്. പ്രകാശ്, എസ്.വി. പ്രസന്ന കുമാർ, ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, ദീനാമ്മ റോയി, രജനി പ്രദീപ്, അബ്ദുൾ കലാം ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു.