ലോക രോഗീസുരക്ഷാവാരാചരണത്തിന് ബിലീവേഴ്സ് ആശുപത്രിയിൽ തുടക്കമായി
1454277
Thursday, September 19, 2024 3:01 AM IST
തിരുവല്ല: ലോക രോഗീസുരക്ഷാവാരാചരണം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ആരംഭിച്ചു. ആശുപത്രിയിലെ മെഡിക്കൽ, ക്വാളിറ്റി, നഴ്സിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന വാരാചരണത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും കുടുംബാംഗങ്ങൾക്കും പരിചരിക്കുന്നവർക്കും ആവശ്യമായ ബോധവത്കരണം നടത്താനുമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ് ഉദ്ഘാടനം ചെയ്തു.
ഫാ. തോമസ് വർഗീസ്, ക്വാളിറ്റി വിഭാഗം മേധാവി ഡോ. എലിസബത്ത് വർക്കി ചെറിയാൻ, ക്വാളിറ്റി മാനേജർ ഡോ. റിജു മാത്യു, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറ തോമസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാഴ്സൽ, എച്ച്ആർ വിഭാഗം മേധാവി സുധാ മാത്യു എന്നിവർ പങ്കെടുത്തു.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പോസ്റ്റർ മത്സരവും രോഗികൾക്കും കുടുംബാംഗങ്ങൾക്കും പരിചരിക്കുന്നവർക്കുമുള്ള ബോധവത്കരണ ക്ലാസുകളും ക്വിസ് മത്സരവും മെഡിക്കൽ - അലൈഡ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവത്കരണ കലാപരിപാടികളും സംഘടിപ്പിക്കും.
ബിലീവേഴ്സ് ആശുപത്രിയിൽനിന്ന് ആരംഭിച്ച് തിരുവല്ല നഗരത്തിൽ സമാപിക്കുന്ന രീതിയിൽ സൈക്കിൾ റാലിയും നാളെ 2.30ന് തിരുവല്ല കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്ത് തെരുവുനാടകവും സംഘടിപ്പിക്കും.
സുരക്ഷിതമല്ലാത്ത ചികിത്സ -പരിചരണ രീതികൾമൂലം രോഗികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും രോഗങ്ങളുടെ പകർച്ച നിയന്ത്രിക്കുവാനും ഉദ്ദേശിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന 2019 ലാണ് ലോക രോഗി സുരക്ഷാദിനം നടത്തുവാൻ തീരുമാനിച്ചത്. രോഗികളുടെ സുരക്ഷയ്ക്കായി രോഗനിർണയം മെച്ചപ്പെടുത്തുക എന്നതാണ് 2024ലെ ലോക രോഗി സുരക്ഷാ ദിനത്തിന്റെ ചിന്താവിഷയം.