പുത്തൂർകടവ് പാലം നിർമാണത്തിന് 8.41 കോടി അനുവദിച്ചതായി എംപി
1454276
Thursday, September 19, 2024 3:01 AM IST
പത്തനംതിട്ട: പ്രധാനമന്ത്രി ഗ്രാമസടക് യോജന(പിഎംജിഎസ്വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൂർകടവ് പാലത്തിന്റെ നിർമാണത്തിന് 8.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആന്റോ ആന്റണി എംപി അറിയിച്ചു.
മണിമലയാറിന് കുറുകെ വെള്ളാവൂർ, കോട്ടാങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുത്തൂർകടവ് പാലം 104 മീറ്റർ നീളത്തിലും 8.41 മീറ്റർ വീതിയിലുമാണ് നിർമിക്കുന്നത്.
പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 12.84 കോടി രൂപ അനുവദിച്ച് പ്ലാക്കൽപടി - വെള്ളാവൂർ - പുത്തൂർക്കടവ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്.
6.6 കിലോമീറ്ററാണ് ഈ പദ്ധതിയിലൂടെ യഥാർഥ്യമാക്കുന്നത്. പദ്ധതി പൂർത്തീകരിച്ച് അഞ്ചുവർഷ കാലയളവിനുള്ളിൽ റോഡിന് വരുന്ന എല്ലാ അറ്റകുറ്റപ്പണികളും പദ്ധതി ഏറ്റെടുത്ത കരാറുകാരൻ തന്നെ ചെയ്തുതീർക്കണമെന്നത് പദ്ധതിയുടെ പ്രത്യേകത.
റോഡിന്റെ ഭരണാനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചപ്പോൾതന്നെ പാലത്തിന്റെ എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നതാണ്. എന്നാൽ ഇപ്പോഴാണ് പാലം നിർമാണത്തിനുള്ള ഭരണാനുമതി ലഭിച്ചത്. ഉടൻ തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എംപി പറഞ്ഞു.