പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനരഹിതം : രോഗികളെ താഴെയെത്തിക്കുന്നത് തുണിയിൽ പൊതിഞ്ഞ്
1453995
Wednesday, September 18, 2024 2:51 AM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ അഞ്ചു ദിവസമായി ലിഫ്റ്റ് പ്രവർത്തന രഹിതം. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെയടക്കം ജീവനക്കാർ താഴെയെത്തിക്കുന്നത് തുണിയിൽ പൊതിഞ്ഞ്. ഇതിനിടെ ഇന്നലെ ഇത്തരത്തിൽ താഴേക്കു കൊണ്ടുവരുന്നതിനിടെ ഒരു രോഗി താഴെ വീണത് ശക്തമായ പ്രതിഷേധത്തിനു കാരണമായി.
അത്യാഹിത, ഒപി ബ്ലോക്കുകളുടെ നിർമാണം ആരംഭിച്ചതോടെ ജനറൽ ആശുപത്രിയിലെ പ്രധാന വാർഡുകളെല്ലാം ബി ആൻഡ് സി ബ്ലോക്കിലാണ്. ഈ കെട്ടിടമാകട്ടെ അതീവ ശോച്യാവസ്ഥയിലുമാണ്. ലിഫ്റ്റ് ഉണ്ടെങ്കിലും മിക്കപ്പോഴും തകരാറിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലിഫ്റ്റ് പൂർണമായി പ്രവർത്തിക്കുന്നില്ല. ലിഫ്റ്റ് തുറക്കാൻ വൈകിയതോടെ ജീവനക്കാരാരോ വാതിൽ കുത്തിത്തുറന്നതാണ് തകരാറാകാൻ കാരണമെന്നു പറയുന്നു.
ആവശ്യത്തിന് സ്ട്രെക്ചറുകൾ ഇല്ലാത്തതിനാൽ ഓപ്പറേഷൻ കഴിഞ്ഞവർ ഉൾപ്പെടെ രോഗികളെ ജീവനക്കാർ വാർഡുകളിൽ എത്തിക്കുന്നത് ഇരുവശത്തും കമ്പുകളിട്ട് തുണി കൂട്ടിക്കെട്ടി താത്കാലിക സ്ട്രെക്ചർ തയാറാക്കി ഇതിൽ കിടത്തിയാണ്. രോഗികൾ ഇതിൽ ചുരുണ്ടുകൂടിക്കിടക്കണം. പ്രതിഷേധിക്കുന്നവരെ ജീവനക്കാരും ഉപേക്ഷിക്കും. പിന്നീട് ബന്ധുക്കൾ വേണം താങ്ങിയെടുത്ത് താഴെ എത്തിക്കാൻ.
പരാതിയുമായി ബന്ധുക്കൾ
മുകൾ നിലയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്ന രോഗിയെ ചുമന്നുകൊണ്ട് താഴെ എത്തിക്കുന്നതിനിടെ താഴെ വീണതോടെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.ആശുപത്രി അധികൃതർ കൈമലർത്തിയതോടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങി.
മൂന്നാം നിലയിലാണ് ലേബർ റൂം അടക്കം ഓപ്പറേഷൻ തിയേറ്ററുകൾ. ശസ്ത്രക്രിയ കഴിഞ്ഞവരെ കിടത്തുന്ന വാർഡ് താഴെയും. ഇത്തരത്തിലെ സാഹചര്യത്തിൽ ഒരു ദിവസം പോലും ലിഫ്റ്റ് ഇല്ലാതെ ആശുപത്രി പ്രവർത്തിക്കാനാകില്ല. എന്നാൽ ഏഴു ദിവസമായിട്ടും ലിഫ്റ്റ് നന്നാക്കാൻ നടപടി ഇല്ലാത്തതിനാൽ രോഗികളെ ചുമന്ന് ജീവനക്കാരുടെ നടുവൊടിയുകയാണ്.
ഓപ്പറേഷൻ കഴിഞ്ഞവരെയും നട്ടെല്ലിന് തകരാർ സംഭവിച്ചവരെയുമൊക്കെ തുണികൊണ്ടുള്ള സ്ട്രെക്ചറിൽ കിടത്തിയാണ് താഴത്തെ നിലയിൽ കൊണ്ടുവരുന്നത്. ആകെ രണ്ടു സ്ട്രെക്ചർ മാത്രമേ ആശുപത്രിയിലുള്ളൂവെന്നു പറയുന്നു.
മുകളിൽനിന്നും പടികളിറങ്ങി താഴെ എത്തിച്ചാണ്lഇതിലേക്ക് മാറ്റുന്നത്. മുകൾ നിലകളിൽ നിന്നും രോഗികളെ താഴത്തെനിലയിൽ എത്തിക്കുന്നത് സാഹസികമായാണ്. ജീവനക്കാർ ഇതു സംബന്ധിച്ചു പരാതിപറഞ്ഞിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്. സ്ത്രീകളടക്കം ജീവനക്കാരിൽ കൂടുതലും അമ്പത് വയസിൽ കൂടുതലുള്ളവരാണ്.
ആശുപത്രിയിൽ നടന്ന പ്രതിഷേധത്തിനു യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസീംകുട്ടി, റനീസ് മുഹമ്മദ്, അബ്ദുൾ ഷുക്കൂർ, റോഷൻ റോയി, സജി വർഗീസ് എന്നിവർ നേതൃത്വം നൽകി.
ദൈനംദിന ഇടപെടലുകളില്ല
ജനറൽ ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനു കൈമാറിയതോടെ ആശുപത്രി പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയോ ദൈനംദിന ഇടപെടൽ ഇല്ല.
നേരത്തെ പത്തനംതിട്ട നഗരസഭയുടെ നിയന്ത്രണത്തിലായിരുന്നു ജനറൽ ആശുപത്രി. ദൈനംദിന വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നഗരസഭ ഇടപെട്ട് പരിഹാരം കണ്ടെത്തിയിരുന്നു. എച്ച്എംസി ഫണ്ടും വേഗത്തിൽ വിനിയോഗിക്കാനാകുമായിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്തിന് ആശുപത്രി വിട്ടുകൊടുത്തതോടെ വാർഡ് കൗൺസിലർ മാത്രമാണ് മാനേജ്മെന്റ് കമ്മിറ്റിയിലുള്ളത്.
എച്ച്എംസി കൂടാൻ തന്നെ കാലതാമസമുണ്ടാകുന്നുണ്ട്. കഴിഞ എച്ച്എംസി അംഗീകാരം നൽകിയ ജോലികൾക്ക് ടെൻഡറായത് ഈയിടെയാണ്. അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലികൾ നടത്താൻ മേൽനോട്ട ചുമതലയുള്ളവർക്കു കഴിയുന്നില്ല.
ലിഫ്റ്റ് തകരാറിലായ വിവരം വെള്ളിയാഴ്ച തന്നെ കന്പനി അധികൃതരെ അറിയിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓണത്തിന്റെ അവധി കാരണമാണ് നടപടികൾ വൈകിയത്. കുത്തിപ്പൊളിച്ചുവെന്ന കാരണത്താൽ വാറണ്ട് നഷ്ടമായിട്ടുണ്ട്. കംപ്ട്രോളർ ഉൾപ്പെടെ മാറേണ്ടതിനാൽ ഇതിന്റെ കാലതാമസവുമുണ്ടായിട്ടുണ്ട്. ഇന്നു തകരാർ പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ മന്ത്രിയുടെ പിടിപ്പുകേടെന്ന് പഴകുളം മധു
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ജനറൽ ആശുപത്രിക്കുണ്ടായിട്ടുള്ള ദുരവസ്ഥയ്ക്കു കാരണം സ്വന്തം പിടിപ്പുകേടാണെന്നു കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.
ആശുപത്രി നിർമാണ പ്രവർത്തനം നടക്കുന്നതുമൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലിഫ്റ്റ് കൂടി തകരാറിലായതോടെ വർധിച്ചു.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിൽ ലിഫ്റ്റ് കേടായി രോഗികളെ ചുമന്നുകൊണ്ട് പോകേണ്ട ഗതികേടിനു മറുപടി പറയാൻ തയാറാകണമെന്നും മധു പറഞ്ഞു.