ഷയ്ജി ജേക്കബ് തോമസിന് കർഷക അവാർഡ്; സ്പോർട്സ് അവാർഡ് റീബാ ബെന്നിക്ക്
1453993
Wednesday, September 18, 2024 2:51 AM IST
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2024 ലെ മാർത്തോമ്മാ കർഷക അവാർഡ് മാരാമൺ മാർത്തോമ്മാ ഇടവകാംഗം കളത്രയിൽ ഷയ്ജി ജേക്കബ് തോമസിനു നൽകുന്നതിനു മാർത്തോമ്മാ സഭാ കൗൺസിൽ തീരുമാനിച്ചു. 25,000 രൂപയും ഫലകവുമാണ് അവാർഡ്.
പ്രഥമ മാർത്തോമ്മാ സ്പോർട്സ് അവാർഡ് റായ്പൂര് മാർത്തോമ്മാ ഇടവകാംഗം കോമൺവെൽത്ത് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് റീബാ ബെന്നിക്ക് നല്കും. 25,000 രൂപയും ഫലകവുമാണ് അവാർഡ്.
മികച്ച ഗ്രന്ഥരചനയ്ക്കു വൈദികർക്കുള്ള മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മാളിയേക്കൽ എം.സി. ജോർജ് അച്ചൻ മെമ്മോറിയൽ എൻഡോവ്മെന്റ് പ്രൈസ് റവ. ഡോ. ഏബ്രഹാം ഫിലിപ്പിനും (പുസ്തകം: ‘ജീസസ് ട്രഡീഷൻ ഇൻ ദ ജോഹനൈനൻ റൈറ്റിംഗ്സ്') റവ. മാത്യു തോമസ് വട്ടക്കോട്ടാൽ മെമ്മോറിയൽ എൻഡോവ്മെന്റ് പ്രൈസ് റവ. ജോസഫ് വർഗീസിന്റെ 'സ്നേഹധാര' എന്ന കവിതാ സമാഹാരത്തിനും റവ. ആൻസൺ തോമസിന്റെ 'ജീവിതവും ഇടർമകളും' എന്ന ഗ്രന്ഥത്തിനും നൽകുന്നതിനും സഭാ കൗൺസിൽ തീരുമാനിച്ചു.
2024 ലെ മാർത്തോമ്മാ ഹരിത അവാർഡ് പന്തളം മാർത്തോമ്മാ ഇടവകയ്ക്കും (ഇടവക വിഭാഗം) ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യുക്കേഷൻ സെന്ററിനും (സ്ഥാപന വിഭാഗം) നൽകും. 10,000 രൂപയും ഫലകവുമാണ് അവാർഡ്. പരിസ്ഥിതി അവബോധം സഭയുടെ പ്രേഷിതവൃത്തിയുടെ ഭാഗമായി പരിഗണിക്കുന്നതിനും സഭാംഗങ്ങളിൽ സാമൂഹികപ്രതിബദ്ധത വളർത്തിയെടുക്കുന്നതിനും വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന അവാർഡാണിത്.
2024 ലെ മാർത്തോമ്മാ സെമിത്തേരി സംരക്ഷണ അവാർഡ് ഒന്നാം സ്ഥാനം കുറത്തികാട് ജെറുസലേം മാർത്തോമ്മാ ഇടവകയ്ക്കും (15,000 രൂപയും ഫലകവും) രണ്ടാം സ്ഥാനം പനവേലി ബഥേൽ മാർത്തോമ്മാ ഇടവകയ്ക്കും (10,000 രൂപയും ഫലകവും) നല്കും. ഡോക്ടറേറ്റ് നേടിയ അധ്യാപകർക്കും റാങ്ക് നേടിയ വിദ്യാർഥികൾക്കുമുള്ള മെറിറ്റ് അവാർഡുകളും നാളെ സെന്റ് തോമസ് പള്ളിയിൽ നടക്കുന്ന യോഗത്തിൽ വിതരണം ചെയ്യും.