ഭരണകൂടങ്ങൾ ഭയത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നു: മാർത്തോമ്മാ മെത്രാപ്പോലീത്ത
1453990
Wednesday, September 18, 2024 2:51 AM IST
തിരുവല്ല: ഭയം എന്ന വികാരത്തെ രാഷ്ട്രീയ ഉപകരണമാക്കി ഭരണകൂടങ്ങൾ തങ്ങളുടെ കാര്യസാധ്യത്തിനു വേണ്ടിയുള്ള രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുന്നതായി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വാർഷിക പ്രതിനിധി മണ്ഡല യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത കുടിയേറ്റവും ജനസംഖ്യാ കണക്കുകളും ഉപയോഗിച്ചു തദ്ദേശവാസികൾക്കിടയിൽ ആശങ്കയും അവിശ്വാസവും ഉത്കണ്ഠയും വളർത്തുന്നു. തദ്ദേശ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിൽ മുൻപന്തിയിൽ തങ്ങളാണെന്നു പ്രചാരണം നടത്തുന്നു. ഐതിഹ്യങ്ങളും ചരിത്രത്തെപ്പറ്റിയുള്ള മിഥ്യാസങ്കല്പങ്ങളും പുരാണകഥകളും പൊതുബോധത്തെ രൂപപ്പെടുത്തുമ്പോൾ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങൾ അപ്രസക്തമാകുകയാണെന്ന് മാർത്തോമ്മാ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ജനാധിപത്യം തകരില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. കലുഷിതമായ ലോകത്തെ ചേർത്തുനിർത്തുന്ന ശാന്തികൂടാരമായി ക്രൈസ്തവ സഭകൾ മാറണം.
ചുറ്റുവട്ടവുമായുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതിനും ജനകീയ വിഷയങ്ങളിൽ ഇടപെടുന്നത്തിനും പ്രാദേശിക ഇടവകകൾക്ക് കഴിയണം. വൈദികർ ഇതിൽ കണ്ണികളാകണമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
വർത്തമാനകാല ഇന്ത്യയിൽ സ്ത്രീകളുടെ പൗരാവകാശങ്ങൾ ലംഘിക്കപ്പെടുന്നതിന്റെ സൂചനകൾ വർധിക്കുന്നു. അടുത്തകാലത്തു പുറത്തുവന്ന ഹേമാകമ്മിറ്റി റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. മൊബൈൽ ഫോണിന്റെ നിയന്ത്രണംവിട്ട ഉപയോഗവും ഔചിത്യങ്ങളും മര്യാദകളും മറന്ന സാമൂഹിക മാധ്യമങ്ങളുടെ പോക്കും ഈ കാലഘട്ടത്തെ സത്യാനന്തര കാലഘട്ടമാക്കുന്നു. മാർത്തോമ്മാ സഭയുടെ ചില സ്കൂളുകളിലെങ്കിലും മൊബൈൽ ഫോൺ നിയന്ത്രണത്തെപ്പറ്റി മാതൃകാ പഠനവും പരീക്ഷണവും നടത്തുന്നത്തിനായി സേവ് അസ് ഫ്രം സ്ക്രീൻസ് എന്ന തരത്തിൽ പദ്ധതി രൂപീകരിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സഫ്രഗൻ മെത്രാപ്പോലീത്താമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ജോസഫ് മാർ ബർന്നബാസ്, എപ്പിസ്കോപ്പാമാരായ തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തൂസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്,
മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ റവ. ഈശോ മാത്യു, സഭാ സെക്രട്ടറി റവ. എബി, ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ദാനിയേൽ, അല്മായ ട്രസ്റ്റി ആൻസിൽ സഖറിയ കോമാട്ട് തുടങ്ങിയവർ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാർത്തോമ്മാ ഇടവകകളെ പ്രതിനിധീകരിച്ച് മണ്ഡലാംഗങ്ങൾ യോഗത്തിൽ പങ്കെടുത്തുവരുന്നു.
സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും സഭാ അല്മായ ട്രസ്റ്റി ആൻസിൽ സഖറിയെ കോമാട്ട് ബജറ്റും അവതരിപ്പിക്കും. മതനിരപേക്ഷതയും മാറുന്ന സാമൂഹ്യ പരിസരവും എന്ന വിഷയം അടിസ്ഥാനമാക്കി പഠനം നടക്കും. ഭരണഘടനാ ഭേദഗതികൾ, പ്രമേയങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിക്കും.
നാളെ രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വിശുദ്ധ കുർബാന ശുശ്രൂഷ ആരംഭിക്കും. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ നേതൃത്വം നൽകും. തുടർന്ന് സഭയിലെ സജീവ സേവനത്തിൽനിന്നു വിരമിച്ച വൈദികരെ ആദരിക്കും. സഭയിലെ വിവിധ തലങ്ങളിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകളുടെ വിതരണം യോഗത്തിൽ നടക്കും.