പന്പയിലെ ഉത്സവക്കുടമാറ്റം ഇന്ന്; പങ്കെടുക്കുന്നത് 52 പള്ളിയോടങ്ങൾ
1453989
Wednesday, September 18, 2024 2:51 AM IST
ആറന്മുള: ചിങ്ങം മാറി കന്നി എത്തിയെങ്കിലും ഓണം കഴിഞ്ഞുള്ള ഉത്രട്ടാതിയുടെ പൊലിമ നഷ്ടമാക്കാതെ ആറന്മുളയിൽ പള്ളിയോടങ്ങൾ ഇന്നു പന്പയുടെ നെട്ടായത്തിലേക്ക്. ആടയാഭരണങ്ങൾ അണിഞ്ഞ് കൊടി ബന്ധിച്ച് മുത്തുക്കുട ചൂടിയെത്തുന്ന പന്പയിലെ ജലരാജാക്കന്മാരുടെ ഉത്സവമാമാങ്കത്തിനാണ് ഇരുകരകളും ഇന്നു സാക്ഷ്യംവഹിക്കുന്നത്.
ഒരാഴ്ച മുന്‍പുവരെ ശക്തമായ മഴ ലഭിച്ചിരുന്നതിനാൽ പന്പ ജലസന്പുഷ്ടമെന്നു കരുതിയെങ്കിലും മൂന്നുദിവസമായി തുടരുന്ന അസഹനീയമായ ചൂടിനിടെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ഇത്തവണ ഓണം വൈകിയതോടെ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ പള്ളിയോടങ്ങൾ ആചാരം പാലിച്ച് ജലഘോഷയാത്രയ്ക്കു തയാറായിരുന്നു. ആചാരാനുഷ്ഠാനങ്ങളും മത്സരവും കോർത്തിണങ്ങുന്ന ആറന്മുള ജലോത്സവത്തിന്റെ പ്രാധാന്യം ഒരിക്കൽകൂടി പൊതുസമൂഹത്തിനു മുന്പിൽ വിളിച്ചോതുന്നതായി ഈ ചടങ്ങുകൾ.
പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങളും ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കുന്നുവെന്നതാണ് പ്രത്യേകത. ഇതിൽ മൂന്നു പുത്തൻ പള്ളിയോടങ്ങളും ഉൾപ്പെടും.
എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്.
എ ബാച്ചിൽ എട്ട് ഗ്രൂപ്പുകളും ബി ബാച്ചിൽ അഞ്ച് ഗ്രൂപ്പുകളുമാണുള്ളത്. എ ബാച്ചിന്റെ ഏഴു ഗ്രൂപ്പുകളും നാലുവീതം പള്ളിയോടങ്ങളുടേതാണ്. ബി ബാച്ചിലെ ആദ്യ രണ്ടു ഗ്രൂപ്പുകളിൽ നാലുവീതം പള്ളിയോടങ്ങളുണ്ടാകും.
മറ്റ് ഗ്രൂപ്പുകളിൽ മൂന്നു പള്ളിയോടങ്ങളാണ്. മത്സരവള്ളംകളിയിൽ ഇടശേരിമല, കുറിയന്നൂർ പള്ളിയോടങ്ങൾ ഉണ്ടാകില്ല. കീക്കൊഴൂർ, പൂവത്തൂർ പടിഞ്ഞാറ്, കടപ്ര എന്നീ പുതിയ പള്ളിയോടങ്ങളാണ് ജലമേളയ്ക്കെത്തുന്നത്. മത്സര വള്ളംകളിയിൽ ആദ്യം നടക്കുന്നത് എ ബാച്ചിന്റേതാണ്.
അതിഥികളായി കേന്ദ്ര, സംസ്ഥാന മന്ത്രിമാർ
ഏറെക്കാലത്തിനുശേഷം ഇക്കുറി നാവികസേനയുടെ അഭ്യാസ പ്രകടനവും ക്രമീകരിച്ചിട്ടുണ്ട്. പ്രാചീന കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം എന്നിവയുടെ ദൃശ്യാവിഷ്കാരവും പന്പാനദിയില്‍ ഒരുക്കും.
രാവിലെ 9.30ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പതാക ഉയര്‍ത്തും. ക്ഷേത്രാചാരങ്ങള്‍ പൂര്‍ത്തിയാക്കിയായിരിക്കും പള്ളിയോടങ്ങള്‍ ജലഘോഷയാത്രയ്ക്കായി അണിനിരക്കുക.
1.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. സമ്മേളനോദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാലും മത്സരവള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസും നിർവഹിക്കും.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പള്ളിയോട ശില്പികളെ മന്ത്രി സജി ചെറിയാനും മുൻ പ്രസിഡന്റ് ഡോ. കെ.ജി. ശശിധരൻപിള്ളയെ മന്ത്രി വി.എൻ. വാസവനും വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ മന്ത്രി പി. പ്രസാദും വഞ്ചിപ്പാട്ട് ആചാര്യൻ പ്രഫ. രാധാകൃഷ്ണപിള്ളയെ ആന്റോ ആന്റണി എംപിയും ആദരിക്കും.
സുവനീർ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.കെ. ശശികുമാർ മുഖ്യപ്രഭാഷണവും സ്വാമി ഗോകോലാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും.
പുറമേനിന്നുള്ളവരെ കയറ്റിയാല്‍ വിലക്ക്
ഓരോ പള്ളിയോടത്തിലും അതത് കരകളിലുള്ളവരാകണം തുഴച്ചില്കാരെന്ന നിബന്ധന ഇത്തവണ കര്‍ശനമായി പാലിക്കും. ബോട്ട് ക്ലബുകളെയും കുട്ടനാടന്‍ ശൈലിക്കാരെയും വള്ളത്തില്‍ തുഴയാന്‍ പ്രവേശിപ്പിച്ചുകൂടെന്നു കരക്കാരെ അറിയിച്ചിട്ടുണ്ട്. മത്സരം പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തിരിക്കുന്നതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ കണ്ടെത്തി വിലക്കും.
ആറന്മുളയുടെ പരമ്പരാഗത ശൈലി കൈമോശം വരാതിരിക്കാനും കരകളിലുള്ളവര്‍ക്ക് പ്രാതിനിധ്യം ഉറപ്പിക്കാനുമാണ് പുറമേനിന്നുള്ളവര്‍ക്ക് വിലക്ക് കര്ശനമാക്കിയിരിക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷങ്ങളില്‍ പുറമേനിന്നുള്ള തുഴച്ചില്‍കാര്‍ വള്ളത്തില്‍ കയറിയതു കണ്ടെത്തിയതിനു പിന്നാലെ ജേതാക്കള്‍ക്കുള്ള ട്രോഫി അടക്കം തിരികെ പിടിക്കേണ്ടിവന്നിരുന്നു. ഇത്തവണ മുന്‍കൂട്ടി തന്നെ ഇത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം.
മത്സരവള്ളംകളി ആധുനിക സംവിധാനങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ടൈമിംഗ് അടിസ്ഥാനത്തില്‍ വള്ളം ഒരേപോലെയാക്കി സെല്‍ഫ് സ്റ്റാര്ട്ടായിട്ടായിരിക്കും നടത്തുക. ഫോട്ടോ ഫിനിഷില്‍ ഓരോ വള്ളവും ഫിനിഷിംഗ് പോയിന്റ് കടന്ന സമയം ഡിസ്പ്ലേ ബോര്‍ഡില്‍ രേഖപ്പെടുത്തും. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഏര്പ്പെടുത്തിയിട്ടുള്ളതുപോലെയുള്ള ക്രമീകരണമാണ് ഇത്തവണ ആറന്മുളയിലുമുള്ളത്.
എ, ബി ബാച്ചുകളുടെ ഫൈനലിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. ആടയാഭരണങ്ങള്‍, അലങ്കാരങ്ങള്‍, പാട്ട് തുടങ്ങിയവ വിലയിരുത്തി ആര്. ശങ്കര്‍ സുവര്‍ണ ട്രോഫി അടക്കമുള്ളവയും സമ്മാനിക്കും.