ആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ ; ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍
1453719
Tuesday, September 17, 2024 12:46 AM IST
ആറന്മുള: ഉത്രട്ടാതി ജലോത്സവം നാളെ. പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങളും ഇത്തവണ ജലോത്സവത്തില്‍ പങ്കെടുക്കും.
എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്.
ജലമേള ആകര്ഷണീയമാക്കുന്നതിലേക്ക് വിവിധ കലാവിരുന്നുകളും നാവികസേനയുടെ അഭ്യാസ പ്രകടനവും ക്രമീകരിച്ചിട്ടുണ്ട്.
സത്രക്കടവില്‍നിന്ന് മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതല്‍ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടത്തും. മത്സര വള്ളംകളിയില്‍ ഇത്തവണ ഓരോ പള്ളിയോടത്തിന്റെയും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്ക് തെരഞ്ഞെടുക്കുക. ആറന്മുള വള്ളംകളിയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് ഏറ്റവും കുറഞ്ഞ സമയംകൊണ്ട് തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലേക്കു രണ്ട് ബാച്ചുകളിലായി തെരഞ്ഞെടുക്കും. എ ബാച്ച് പള്ളിയോടങ്ങള്‍ക്ക് ലൂസേഴ്സ് ഫൈനലും ഉണ്ടാകും. മുന്‍പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് അയച്ചിരുന്നത്. ഇതൊഴിവാക്കിയതോടെ സെമിഫൈനല്‍ മത്സരങ്ങളും ഉണ്ടാകില്ല.
പുറമേനിന്നുള്ളവരെ കയറ്റുന്നതിനു വിലക്ക്
ഓരോ പള്ളിയോടത്തിലും അതത് കരകളിലുള്ളവരാകണം തുഴച്ചില്കാരെന്ന നിബന്ധന ഇത്തവണ കര്‍ശനമായി പാലിക്കും. ബോട്ട് ക്ലബ്ബുകളെയും കുട്ടനാടന്‍ ശൈലിക്കാരെയും വള്ളത്തില്‍ തുഴയാന്‍ പ്രവേശിപ്പിച്ചുകൂടെന്ന് കരക്കാരെ അറിയിച്ചിട്ടുണ്ട്. മത്സരം പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്തിരിക്കുന്നതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ അപ്പോള്‍ത്തന്നെ കണ്ടെത്തി വിലക്കും.
ആറന്മുളയുടെ പരമ്പരാഗത ശൈലി കൈമോശം വരാതിരിക്കാനും കരകളിലുള്ളവര്‍ക്ക് പ്രാതിനിധ്യം ഉറപ്പിക്കാനുമാണ് പുറമേനിന്നുള്ളവര്‍ക്ക് വിലക്ക് കര്‍ശനമാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളില്‍ പുറമേനിന്നുള്ള തുഴച്ചില്‍കാര്‍ വള്ളത്തില്‍ കയറിയതു കണ്ടെത്തിയതിനു പിന്നാലെ ജേതാക്കള്‍ക്കുള്ള ട്രോഫി അടക്കം തിരികെ പിടിക്കേണ്ടിവന്നിരുന്നു. ഇത്തവണ മുന്‍കൂട്ടിത്തന്നെ ഇത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
മത്സരവള്ളംകളി ആധുനിക സംവിധാനങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ടൈമിംഗ് അടിസ്ഥാനത്തില്‍ വള്ളം ഒരേപോലെയാക്കി സെല്‍ഫ് സ്റ്റാര്ട്ടായിട്ടായിരിക്കും നടത്തുക. ഫോട്ടോ ഫിനിഷില്‍ ഓരോ വള്ളവും ഫിനിഷിംഗ് പോയിന്റ് കടന്ന സമയം ഡിസ്പ്ലേ ബോര്‍ഡില്‍ രേഖപ്പെടുത്തും. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിയില്‍ ഏര്പ്പെടുത്തിയിട്ടുള്ളതുപോലെയുള്ള ക്രമീകരണമാണ് ഇത്തവണ ആറന്മുളയിലുമുള്ളത്.
എ, ബി ബാച്ചുകളില്‍ ഒന്നാമതെത്തുന്ന പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. ആടയാഭരണങ്ങള്‍, അലങ്കാരങ്ങള്‍, പാട്ട് തുടങ്ങിയവ വിലയിരുത്തി ആര്. ശങ്കര്‍ സുവര്‍ണ ട്രോഫി അടക്കമുള്ളവയും സമ്മാനിക്കും.
അയിരൂര്‍ പുതിയകാവ് ചതയം ജലമേള ഇന്ന്
അയിരൂര്‍: അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം ഇന്ന് ഒന്നിന് പന്പാനദിയില്‍ പുതിയകാവ് ദേവീക്ഷേത്ര കടവില്‍ നടക്കും. ആറന്മുള കരയിലെ 23 പള്ളിയോടങ്ങളെയാണ് ജലോത്സവത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
രാവിലെ 9.30ന് ജലോത്സവ നഗറില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പൂക്കളം, വഞ്ചിപ്പാട്ട് മത്സരങ്ങള്‍ ഉണ്ടാകും. ഉച്ചകഴിഞ്ഞ് ഒന്നിന് ആന്റോ ആന്റണി എംപി മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് മാനവമൈത്രി സന്ദേശം നല്‍കും.
ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പള്ളിയോടങ്ങള്‍ക്ക് ദക്ഷിണ നല്കി സ്വീകരിക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഗ്രാന്റ് നല്‍കും.
പള്ളിയോടങ്ങള്‍ക്കുള്ള ഗ്രാന്റ് വിതരണം നാളെ
ആറന്മുള: പള്ളിയോട സേവാസംഘത്തില്പ്പെട്ട പത്തനംതിട്ട ജില്ലയിലെ പള്ളിയോടങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്കുന്ന ഗ്രാന്റ് വിതരണം നാളെ രാവിലെ 11ന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നടത്തുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ അറിയിച്ചു.
യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന് ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പള്ളിയോടങ്ങള്‍ക്ക് നാളെ രാവിലെ 11.30നു പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ ഗ്രാന്റ് വിതരണം ചെയ്യും.