മുന്‍വിരോധം കാരണം തമ്മിലടി, രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്ക്; മൂന്നുപേര്‍ അറസ്റ്റില്‍
1453716
Tuesday, September 17, 2024 12:46 AM IST
മല്ലപ്പള്ളി: മുന്‍വിരോധം കാരണം തമ്മിലടിച്ച് പരസ്പരം തലയ്ക്ക് പരിക്കേൽപ്പിച്ച കേസില്‍ മൂന്നുപേരെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
മല്ലപ്പള്ളി കുന്നന്താനം മാന്താനം മുക്കട കോളനിയില്‍ ഉമിക്കുന്നില്‍ വീട്ടില്‍ രാജപ്പന് (54), കോളനിയില്‍ കല്ലിക്കുന്നില് വീട്ടില്‍ രാജന് (63) , ഇയാളുടെ സഹോദരിയുടെ മകന് കുഞ്ഞുമോന് (32) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
തിരുവോണദിവസം വൈകുന്നേരം ഓട്ടോറിക്ഷയില്വന്ന രാജപ്പനെ രാജന് അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന്, ഓട്ടോ നിര്‍ത്തി ഇറങ്ങിവന്ന രാജപ്പനും രാജനും തമ്മില്‍ തര്‍ക്കവും അടിപിടിയുമുണ്ടായി. രാജപ്പന് ഓട്ടോയില്ക്കിടന്ന ജാക്കി ലിവര്‍കൊണ്ട് രാജന്റെ തലയില്‍ അടിച്ചപ്പോള്‍, രാജന് ആണി പറിക്കുന്ന ലിവര്‍ കൊണ്ട് രാജപ്പന്റെ തലയ്ക്കും അടിച്ചു. ഇരുവര്‍ക്കും തലയില്‍ മുറിവുണ്ടായി. സംഭവം കണ്ടെത്തിയ കുഞ്ഞുമോന് രാജപ്പനെ ചവിട്ടുകയും മര്‍ദിക്കുകയുമായിരുന്നു.
രാജപ്പന്റെ പരാതിയില്‍ രാജന്, കുഞ്ഞുമോന് എന്നിവര്‍ക്കെതിരേ കേസെടുത്തു. പിന്നീട് രാജന്റെ മൊഴിപ്രകാരം രാജപ്പനെ പ്രതിയാക്കിയും കേസ് രജിസ്റ്റര്‍ ചെയ്തു. മൂവരുടെയും അറസ്റ്റ് സന്ധ്യയോടെ രേഖപ്പെടുത്തി.