ഡോ. സുനിലിന്റെ ഓണസമ്മാനമായി സജനിയുടെ അഞ്ചംഗ കുടുംബത്തിനു വീട്
1453425
Sunday, September 15, 2024 3:22 AM IST
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ താമസിക്കുന്ന നിരാലംബര്‍ക്ക് പണിതു നല്കുന്ന 321 മത് സ്നേഹഭവനം ഓണസമ്മാനമായി മലയാലപ്പുഴ സ്വദേശി കെ.പി. സജനിയുടെ അഞ്ചംഗ കുടുംബത്തിന്.
വിദേശ മലയാളിയായ പ്രിന്‍സ് കോരയുടെ സഹായത്താല്‍ അദ്ദേഹത്തിന്റെ പിതൃസഹോദരന് ജോസഫ് പി. കോരയുടെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ചാണ് ഭവനം പണിതു നല്‍കിയത്. മലയാലപ്പുഴ പത്തിയത്ത് കാഞ്ഞിരപ്പാറ വീട്ടില്‍ വിധവയായ കെ.പി. സജനിക്കും രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും രോഗാവസ്ഥയില്‍ കഴിയുന്ന അച്ഛനും അമ്മയും അടങ്ങുന്ന കുടുംബമാണ് ഈ വീടിന്റെ ഉപഭോക്താക്കള്‍.
വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും ജോസഫ് പി. കോര നിര്‍വഹിച്ചു. വര്‍ഷങ്ങളായി സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന സജനിക്ക് മുനിസിപ്പാലിറ്റിയില്‍നിന്നും ലഭിച്ച വസ്തുവില്‍ പ്രിന്‍സിന്റെ സഹായത്താല്‍ രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 ചതുരശ്ര അടി വലിപ്പമുള്ള വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലാലി രാജു, പ്രോജക്ട് കോ-ഓർഡിനേറ്റര്‍ കെ.പി. ജയലാല്‍, മാത്തുക്കുട്ടി കോര, ജെറി ജോര്‍ജ്, കെ.പി. ശോഭ എന്നിവര്‍ പ്രസംഗിച്ചു.