മ​ധു​വി​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ലും നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്
Sunday, September 15, 2024 3:22 AM IST
ചെ​ന്നീ​ര്‍​ക്ക​ര: പ​രീ​ക്ഷ​ണം എ​ന്ന നി​ല​യി​ല്‍ ആ​ദ്യ​മാ​യി ന​ട​ത്തി​യ പൂ​ക്കൃ​ഷി​യി​ല്‍ മി​ക​ച്ച വി​ള​വ് ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​ആ​ര്‍. മ​ധു. ഓ​ണ​ക്കാ​ല​ത്ത് ചെ​ന്നീ​ര്‍​ക്ക​ര​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ത്ത​പ്പൂ​ക്ക​ള​ങ്ങ​ളി​ല്‍ ഇ​ത്ത​വ​ണ നി​റ​ഞ്ഞ​ത് മ​ധു​വി​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ല്‍നി​ന്നു​ള്ള പൂ​ക്ക​ളാ​ണ്.

ര​ണ്ട​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ചെ​ന്നീ​ര്‍​ക്ക​ര 12 ാം വാ​ര്‍​ഡ് അം​ഗം മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ​ത്. മ​ഞ്ഞ​യും ചു​വ​പ്പും ജ​മ​ന്തി​പ്പൂ​ക്ക​ളും വാ​ടാ​മു​ല്ല ചെ​ടി​ക​ളു​മാ​ണ് മ​ധു​വി​ന്‍റെ പൂ​ന്തോ​ട്ട​ത്തെ മ​നോ​ഹ​ര​മാ​ക്കി​ക്കൊ​ണ്ട് പൂ​വി​ട്ടു നി​ല്‍​ക്കു​ന്ന​ത്. തന്‍റെ വാ​ര്‍​ഡി​നെ ത​രി​ശ് ര​ഹി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ പു​ഷ്പ​ക്കൃ​ഷി.


40 വ​ര്‍​ഷ​മാ​യി ത​രി​ശാ​യി കി​ട​ന്ന ഭൂ​മി​യി​ല്‍ ആ​ദ്യ​മാ​യി കൃ​ഷി​യി​റ​ക്കി​യ​പ്പോ​ള്‍ ചി​ല പ്ര​തി​സ​ന്ധി​ക​ളും ഉ​ണ്ടാ​യ​താ​യി മ​ധു പ​റ​ഞ്ഞു. ഇ​രു​പ​തി​നാ​യി​രം ചെ​ടി​ക​ള്‍ ന​ട്ടെ​ങ്കി​ലും കീ​ട​ബാ​ധ​യെത്തു​ട​ര്‍​ന്ന് 14,000 ചെ​ടി​ക​ള്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ച്ച​ത്. ഒ​രു ചെ​ടി​യി​ല്‍നി​ന്നും ശ​രാ​ശ​രി അ​ര​ക്കി​ലോ പൂ​വ് ല​ഭി​ച്ച​താ​യും മ​ധു പ​റ​യു​ന്നു. മ​ധു​വി​ന്‍റെ പു​ക്കൃ​ഷി​യെ​പ്പ​റ്റി അ​റി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളാ​ണ് പൂ​ന്തോ​ട്ടം കാ​ണാ​നും പൂ​ക്ക​ള്‍ വാ​ങ്ങാ​നു​മാ​യി എ​ത്തു​ന്ന​ത്.