സൈബർ തട്ടിപ്പ് വീണ്ടും : ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 50 ലക്ഷം തട്ടിയെടുത്തു; രണ്ടു സ്ത്രീകൾ അറസ്റ്റിൽ
1453419
Sunday, September 15, 2024 3:22 AM IST
പത്തനംതിട്ട: സൈബർ തട്ടിപ്പുകാർ ആധാർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഭയപ്പെടുത്തി വീട്ടമ്മയിൽനിന്ന് 50 ലക്ഷത്തോളം തട്ടിയ കേസിൽ രണ്ടു സ്ത്രീകളെ കോയിപ്രം പോലീസ് പിടികൂടി.
കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ കുന്നത്ത് കരുന്തയിൽ ശാരദ മന്ദിരം പി. പ്രജിത (41), കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ ഷാനൗസി (35) എന്നിവരെയാണ് കോഴിക്കോടുനിന്ന് കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തത്.
വെണ്ണിക്കുളം വെള്ളാറമലയിൽ പറമ്പിൽ വീട്ടിൽ സാം തോമസിന്റെ ഭാര്യ ശാന്തി സാമാണ് (56) സൈബർ കുറ്റകൃത്യത്തിന് ഇരയായത്. കഴിഞ്ഞ ജൂൺ 19 മുതൽ ജൂലൈ എട്ടുവരെയുള്ള കാലയളവിലാണ് സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50 ലക്ഷത്തോളം രൂപ നഷ്ടമായത്. വീട്ടമ്മയ്ക്ക് നഷ്ടമായ തുകയില്‍നിന്ന് പത്തു ലക്ഷം രൂപ കോഴിക്കോട് രാമനാട്ടുകര എസ്ബിഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ച ശേഷം രണ്ടാം പ്രതിയും സുഹൃത്തുമായ ഷാനൗസിക്ക് കൈമാറി.
വീട്ടമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ഭീഷണിപ്പെടുത്തി, അതിവിദഗ്ധമായാണ് പ്രതികൾ ഇത്രയും രൂപ തട്ടിയെടുത്തത്. ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്ന ശാന്തി സാമിന്റെ ഭർത്താവ് സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്തു വരികയാണ്. മകൾ ചെന്നൈയിലും ജോലി ചെയ്യുന്നു.
ശാന്തി സാമിന്റെ പേരിലുള്ള നാലോളം അക്കൗണ്ടുകളിൽനിന്ന് ലക്നൗ പോലീസ് ആണെന്നും സിബിഐ ആണെന്നും പലതരത്തിൽ കളവുകൾ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഈ കാലയളവിൽ പലതവണകളായി ഇത്രയും തുക കൈമാറി എടുക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
ശാന്തിയുടെ ആധാർ വിവരങ്ങൾ മനസിലാക്കിയ ചില ക്രിമിനലുകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും, ഇവരും പ്രതിയാകാൻ സാധ്യതയുണ്ടെന്നും തങ്ങളുമായി സഹകരിച്ചില്ലെങ്കിൽ സിബിഐ വന്ന് അറസ്റ്റ് ചെയ്യുമെന്നും മറ്റും പറഞ്ഞു തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടമ്മയുടെ പേരിലുള്ള മുഴുവൻ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങൾ ചോദിച്ചു മനസിലാക്കി.
പിന്നീട് എല്ലാ ദിവസവും ഫോണിൽ വിളിച്ച് അക്കൗണ്ടുകളിൽ സംശയകരമായി പണം കാണുന്നുണ്ടെന്നും മറ്റും പറഞ്ഞ് ഭയപ്പെടുത്തി. അക്കൗണ്ടിൽ ഇപ്പോൾ എത്ര രൂപയുണ്ടെന്ന് ചോദിച്ചപ്പോൾ 1,35,000 രൂപയുണ്ടെന്ന് അറിയിച്ചു. പിന്നീട് തട്ടിപ്പുകാർ നൽകിയ അക്കൗണ്ട് നമ്പറിലേക്ക് ഈ തുക അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. ഭയന്നുപോയ വീട്ടമ്മ, വെണ്ണിക്കുളം സൗത്ത് ഇന്ത്യൻ ബാങ്കിലെ അവരുടെ അക്കൗണ്ടിൽനിന്ന് തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ട് നമ്പറിലേക്ക് ഈ തുക അയച്ചുകൊടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ പല അക്കൗണ്ട് നമ്പരുകൾ വാട്സ്ആപ്പ് മുഖേന അയച്ചുകൊടുക്കുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. അയച്ചുകൊടുക്കുന്ന തുകകളുടെ ഓഡിറ്റ് നടത്തിയതിന്റേതാണെന്ന് ബോധ്യപ്പെടുത്തുന്നതരത്തിൽ രസീത് വീട്ടമ്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് മുഴുവൻ തുകയും അക്കൗണ്ടിലേക്ക് തിരിച്ചിട്ട് നൽകാമെന്നും വാക്കു കൊടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ വീട്ടമ്മയുടെ വിവിധ ബാങ്ക് അക്കൗണ്ട് നമ്പരുകളിൽനിന്ന് പല തീയതികളിലായി പല തുകകൾ പ്രതികൾ തട്ടിച്ചെടുക്കുകയായിരുന്നു
ഇത്തരത്തിൽ 49,03,500 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്. ഇടയ്ക്ക് രണ്ടുതവണയായി 2,70,000, 1,90,000 എന്നിങ്ങനെ തുകകൾ ഇവരുടെ അക്കൗണ്ടിലേക്ക് തിരിച്ചിട്ടുകൊടുത്തു വിശ്വാസ്യത നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, ഈ തുകകളും പിന്നീട് തട്ടിപ്പുകാർ അക്കൗണ്ടിൽനിന്നും പിൻവലിച്ച് കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.