തിരുവോണത്തോണി ആറന്മുളയിലേക്ക് പുറപ്പെട്ടു
1453411
Sunday, September 15, 2024 3:03 AM IST
കോഴഞ്ചേരി: ഐതിഹ്യപ്പെരുമയില്‍ തിരുവോണത്തോണി ആറന്മുളയ്ക്കു യാത്രയായി. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് ഇന്നലെ വൈകുന്നേരമാണ് തോണി ആറന്മുളയ്ക്കു യാത്രതിരിച്ചത്.
മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിയാണ് ഓണവിഭവങ്ങള്‍ ആറന്മുളയിലേക്ക് എത്തിക്കുന്നത്. ആറന്മുള പള്ളിയോടങ്ങളുടെ അകമ്പടിയോടെയുള്ള തോണിയാത്ര വീക്ഷിക്കാന്‍ നിരവധിയാളുകളാണ് പമ്പയുടെ കരയില്‍ തടിച്ചുകൂടിയത്.
തിരുവോണനാളില്‍ ആറന്മുള ക്ഷേത്രത്തില്‍ സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി ഉത്രാടസന്ധ്യയിലെ തോണിയാത്ര പ്രശസ്തവും ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടുള്ളതുമാണ്.
കാട്ടൂരിലെ പുരാതനമായ നായര്‍ തറവാടുകളില്‍ കുത്തിയെടുത്ത അരിയും ഓണവിഭവങ്ങളുമായാണ് തോണി യാത്ര തിരിച്ചത്. മഹാവിഷ്ണുക്ഷേത്രക്കടവില്‍നിന്ന് പമ്പാനദിയിലൂടെയാണ് ആറന്മുള യാത്ര.
മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയില്‍ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുക. കോട്ടയം കുമാരനല്ലൂരില്‍നിന്നും ചുരുളന്‍വള്ളത്തില്‍ യാത്രതിരിച്ച് കാട്ടൂരിലെത്തിയ ഭട്ടതിരിയെ പരമ്പരാഗതമായ രീതിയില്‍ ഇന്നലെ കാട്ടൂരില്‍ സ്വീകരിച്ചു.
തിരുവോണത്തോണി ഇന്നു പുലര്‍ച്ചെ ആറന്മുളയിലെത്തും.