ഓണാഘോഷം വ്യത്യസ്തമാക്കി കുഴിക്കാല സിഎംഎസ് എല്‍പി സ്കൂള്‍
1453410
Sunday, September 15, 2024 3:03 AM IST
കുഴിക്കാല: ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ലളിതമാക്കി "സ്കൂളും നാടും വയനാടിനോടൊപ്പം' എന്ന വ്യത്യസ്ത പരിപാടി ഒരുക്കി കുഴിക്കാല സിഎംഎസ് എല്‍പി സ്കൂള്‍. പങ്കാളിത്തം വര്‍ധിപ്പിച്ച് ആര്‍ഭാടം ഒഴിവാക്കിയാണ് ഓണം ആഘോഷിച്ചത്.
"വയനാട്: ഉരുള്‍പൊട്ടലിനു മുമ്പും ശേഷവും' എന്ന ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന എല്ലാവര്ക്കും തങ്ങളുടെ സ്കൂള്‍ അനുഭവവും കലാപരിപാടികളും അവതരിപ്പിക്കാന്‍ അവസരം നല്കി.
21 കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും പ്രദേശവാസികള്‍ക്കും സ്കൂള്‍ അങ്കണത്തില്‍ തയാറാക്കിയ നിക്ഷേപ പെട്ടിയില്‍ വയനാടിനു വേണ്ടി ചെറുതും വലുതുമായ സംഭാവനകള്‍ കവറിലിട്ട് നിക്ഷേപിക്കാന്‍ അവസരമുണ്ടാക്കിയിരുന്നു.
ലഭ്യമായ 26,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്നതിനു വേണ്ടി ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് കൈമാറി.
സ്കൂള്‍ കറസ്പോണ്ടന്റ് റവ. പ്രിന്‍സ് ജോണ്‍, പ്രധാനാധ്യാപിക മിനി ദാനിയേല്‍, പിടിഎ പ്രതിനിധികളായ സുധീപ് ഗോപി, എം.ടി. സജി, അധ്യാപകരായ സുനിമോള്‍ ദാനിയേല്‍, നീതു ജോണ്‍, ടി.വി. ബിബിത എന്നിവര്‍ നേതൃത്വം നല്കി.