റെയില്‍വേ സ്റ്റേഷനില്‍ ഹാൾട്ട് ഏജന്റിനെ യുവാക്കൾ മര്‍ദിച്ചു
1452921
Friday, September 13, 2024 3:05 AM IST
ചെങ്ങന്നൂര്‍: ചെറിയനാട് റെയില്‍വേ സ്റ്റേഷനിലെ ഹാള്‍ട്ട് ഏജന്റിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കഴിഞ്ഞദിവസം രാത്രി ഒൻപതിന് ഒന്നാം പ്ലാറ്റ്ഫോമിലാണ് സംഭവം. ചെറിയനാട് പ്രണവം വീട്ടില്‍ മഹേഷ് ബാലകൃഷ്ണപിള്ള(42)യ്ക്കാണ് മര്‍ദനമേറ്റത്.
സ്റ്റേഷന് മാസ്റ്ററുടെ മുറിയില്‍നിന്നു പുറത്തിറങ്ങിയ മഹേഷിനെ രാത്രിയില്‍ സംഘമായി പ്ലാറ്റ്ഫോമിലെത്തിയ ചെറുപ്പക്കാര്‍ അസഭ്യം പറയുകയും മുഖത്തടിക്കുകയും വലിച്ച് നിലത്തിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
തുടര്‍ന്ന് മുറിയില്‍ കയറ്റി മുറി പൂട്ടിയിടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രദേശവാസികൾ മഹേഷിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും ആര്‍പിഎഫും ആശുപത്രിയിലെത്തി മൊഴിയെടുത്ത. ഇതിനുമുമ്പും സ്റ്റേഷനില്‍ എത്തിയിട്ടുള്ള സംഘം യാതൊരു കാരണവുമില്ലാതെ മഹേഷിനെ അസഭ്യം പറഞ്ഞിരുന്നതായി പോലീസിന് നല്കിയ മൊഴിയിൽ പറയുന്നു.
അഞ്ചുവര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ റെയില്‍വേ ടിക്കറ്റ് വില്‍പ്പന നടത്തുന്ന മഹേഷിന് രാത്രികാലങ്ങളില്‍ യാതൊരു സുരക്ഷയും ഇല്ലാത്തതുകൊണ്ട് ഭയത്തോടുകൂടിയാണ് ജോലി ചെയ്യുന്നതെന്ന് മഹേഷ് പറഞ്ഞു.
യുവാക്കളുടെ സംഘം റെയില്‍വേ സ്റ്റേഷനില്‍ സ്ഥിരസാന്നിധ്യമാണെന്നും യാത്രക്കാരും പറയുന്നു. സംഭവത്തിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.
അക്രമി സംഘങ്ങളില്‍നിന്നു ഹാൾട്ട് ഏജന്റിനും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാന്‍ ആര്‍പിഎഫും പോലീസും ശക്തമായനടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.