വെല്ലുവിളികൾക്കിടയിലും പപ്പടം നിർമാണം തകൃതിയിൽ
1452655
Thursday, September 12, 2024 3:19 AM IST
പത്തനംതിട്ട: പപ്പടം ഇല്ലാതെ ഓണസദ്യ ഇല്ല. സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ എല്ലാവരും ആദ്യം അന്വേഷിക്കുന്നത് പപ്പടമാണ്. പായസം ഇലയിലൊഴിച്ച് പപ്പടവും ചേർത്തൊരു പിടിപിടിക്കാതെ ഓണസദ്യ പൂർണമാകുകയില്ല. ഓണനാളിൽ പായസത്തിനൊപ്പം പഴവും പപ്പടവും ചേർത്തു കഴിക്കണമെന്നതാണ് രീതി. ഇത്തവണയും ഓണത്തിന് വലിയ പ്രതീക്ഷയിലാണ് പപ്പട തൊഴിലാളികൾ.
ഓണക്കാലവും ഉത്സവ, വിവാഹ സീസണുമാണ് പപ്പട നിർമാണമേഖലയെ താങ്ങിനിർത്തുന്നത്. ഉഴുന്നുമാവ് അടക്കമുള്ള ചേരുവകൾ ചേർത്തുണ്ടാക്കുന്ന നാടൻ പപ്പടങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ.
കുഞ്ഞൻ പപ്പടങ്ങൾ മുതൽ വലുപ്പമേറിയ പപ്പടങ്ങൾ വരെ വിപണിയിൽ നിറഞ്ഞുകഴിഞ്ഞു. ഓണ സീസണിൽ ഉത്പാദനം മൂന്നിരട്ടി വരെയാണ്. പരമ്പരാഗത രീതിയിൽ പലയിടത്തും പപ്പടം നിർമിക്കുന്നുണ്ട് . ഇടയ്ക്ക് പെയ്യുന്ന മഴ കാരണം പപ്പടം ഉണക്കിയെടുക്കാനും ബുദ്ധിമുട്ടുന്നുണ്ട് .
20 മുതൽ 50 രൂപ വരെയുള്ള പായ്ക്കറ്റുകളാണ് ഓണ വിപണിയിൽ പ്രധാനമായും വിറ്റുപോകുന്നത്. 20 രൂപയുടെ പായ്ക്കറ്റിൽ 12 എണ്ണമാണ് ഉള്ളത്. ചെറിയ പപ്പടം 100 എണ്ണത്തിന് 100 രൂപയും ഇടത്തരത്തിന് 140 രൂപയുമാണ് വില.
അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതോടെ നിർമാതാക്കൾ വലിയ പ്രയാസത്തിലാണ്. ഓണ വില്പന മുന്നിൽക്കണ്ട് അയൽസംസ്ഥാനങ്ങളിൽനിന്ന് പപ്പടം നാട്ടിൻ പുറങ്ങളിലെ വിപണികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിൽവ്യാജനുമുണ്ട്.
ഓണസീസണിൽ ഗുണനിലവാരമില്ലാത്ത പപ്പടങ്ങളും എത്തുന്നതായി പരാതിയുണ്ട്. ഇതു തടയാനായി പപ്പട നിർമാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെപ്മ) പപ്പടങ്ങളുടെ പായ്ക്കറ്റിൽ അസോസിയേഷന്റെ മുദ്ര പതിക്കുന്നുണ്ട്.
ഉഴുന്ന്, ഉപ്പ്, പപ്പടക്കാരം, വെള്ളം എന്നിവ ചേർത്താണ് പപ്പടം നിർമിക്കുന്നത്. ഉഴുന്നുവില ഉയർന്നതോടെ 50 ശതമാനം മൈദ ചേർത്തുള്ള പപ്പടങ്ങൾ വിപണിയിൽ സുലഭമായിട്ടുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് തടയുകയാണ് ലക്ഷ്യം.
എന്നാൽ മുൻ വർഷങ്ങളേക്കാൾ ഇത്തവണ ഓണത്തിന് വില്പന തീരെകുറഞ്ഞതായി പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിനു സമീപം പപ്പടം നിർമിക്കുന്ന ഗുരുവായൂർ സ്വദേശി സുകുമാരൻ പറഞ്ഞു.
ഗുരുവായൂർ എന്ന പേരിൽ വിപണിയിലുള്ള സുകുമാരന്റെ പപ്പടത്തിനു ഡിമാന്റേറെയാണ്.
കഴിഞ്ഞ 35 വർഷമായി പത്തനംതിട്ടയിൽ താമസിച്ച് പപ്പടം നിർമിക്കുകയാണ് സുകുമാരൻ. പപ്പട നിർമാണത്തിനുള്ള സാധനങ്ങളുടെ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി.
നേരത്തേ 500 രുപയുണ്ടായിരുന്ന 50 കിലോയുടെ ഒരു ചാക്ക് ഉഴുന്നിന് നിലവിൽ 6400 രൂപ വരെയായി. നഷ്ടക്കച്ചവടമായതിനാൽ പലരും ഈ മേഖല വിട്ട് മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു.
മുന്പ് പത്തനംതിട്ടയിലുണ്ടായിരുന്ന പല പപ്പട നിർമാതാക്കളേയും ഇപ്പോൾ കാണാനില്ല.