നാടൻ പൂക്കളുമായി മത്സരിച്ച് മറുനാടൻ പൂക്കൾ; വില ഇടിക്കാനും തന്ത്രം
1452653
Thursday, September 12, 2024 3:19 AM IST
പത്തനംതിട്ട: ഓണാവശ്യങ്ങൾക്കായി മലയാളിയുടെ സ്വന്തം പുരയിടങ്ങളിൽ പൂക്കൾ ഉത്പാദിപ്പിച്ചു തുടങ്ങിയതോടെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന പൂക്കളുടെ വിലയിൽ ഇടിവ്.
ഇതോടെ നാടൻ പൂക്കൾക്ക് വിപണിയിൽ ലഭിച്ചിരുന്ന വില കിട്ടാതെ വന്നതോടെ നാടൻ കർഷകർക്കും ബുദ്ധിമുട്ടായി. ഓണത്തോടനുബന്ധിച്ച് മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് പൂച്ചെടികൾ കൃഷി ചെയ്തിരുന്നവരാണ് കർഷകർ. കിലോഗ്രാമിന് 200 രൂപവരെ ബന്തിപ്പൂക്കൾക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് വില പൊടുന്നനെ ഇടിഞ്ഞു.
മഞ്ഞ ബന്തിപ്പൂക്കൾക്ക് കിലോഗ്രാമിന് 14 രൂപയ്ക്കും ചെങ്കൽ നിറത്തിലെ ബന്തിക്ക് 15 രൂപയ്ക്കുമാണ് തമിഴ്നാട്ടിൽനിന്ന് പത്തനംതിട്ട വിപണിയിൽ പൂക്കൾ എത്തിച്ചു നൽകുന്നത്.
ബന്തിപ്പൂക്കൾക്ക് വിപണിയിൽ 80 രൂപയ്ക്കാണ് ഇന്നലെ പത്തനംതിട്ടയിൽ വിറ്റത്. ബന്തി കൂടാതെ മുല്ലയും ജമന്തിയും റോസും ഉൾപ്പെടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് ധാരാളമായി എത്തുന്നത്.
കേരളത്തിലെ പൂ വ്യാപാരികൾക്കും ഇതര സംസ്ഥാന വ്യാപാരികളോടാണ് താത്പര്യം. നാടൻ പൂക്കൾ വാങ്ങാൻ വ്യാപാരികൾ തയാറാകുന്നില്ല. കുടുംബശ്രീ സംരംഭകരും മറ്റും ഉത്പാദിപ്പിച്ച പൂക്കൾ കൃഷിയിടങ്ങളിൽത്തന്നെ വിറ്റഴിക്കുകയാണ്. നാട്ടിൽ എല്ലാ ഇനം പൂക്കളും ഉത്പാദിപ്പിക്കാത്തതിനാൽ ചില ഇനങ്ങൾ മാത്രമായി തമിഴ്നാട്ടുകാരിൽനിന്നു വാങ്ങിയാൽ കൂടിയ വില നൽകേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നത്.
നാട്ടിലെ പൂക്കളുടെ വില കൂടുതലാണെന്ന ആക്ഷേപവും വ്യാപാരികൾക്കുണ്ട്. വിപണിയിലേക്ക് പൂക്കൾ എത്തിക്കുന്നതിനു മുന്പായി കൃഷിവകുപ്പോ സംരംഭകരോ ചർച്ച നടത്തേണ്ടിയിരുന്നുവെന്ന അഭിപ്രായവും വ്യാപാരികൾ രേഖപ്പെടുത്തി.
കേരളത്തിലെ തരിശ് പുരയിടങ്ങളിൽ വിവിധ വനിതാ കൂട്ടായ്മകൾ ഉൾപ്പെടെ വലിയ
തോതിലാണ് ബന്തിപ്പൂകൃഷി നടത്തിയിട്ടുള്ളത്. വിളവായ പൂക്കൾ ഓണവിപണിയിൽ വിറ്റഴിക്കപ്പെടുന്നില്ലെങ്കിൽ കർഷകർക്ക് വലിയ തിരിച്ചടിയാകും.
പത്തനംതിട്ട ജില്ലയിൽ ഇത്തവണ 38 ഹെക്ടറിലാണ് പൂക്കൃഷി നടത്തിയിരിക്കുന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്പാദകർ സ്വന്തംനിലയിൽ വിപണികണ്ടെത്തി വിൽക്കാനാണ് നിർദേശം.