ലോറിക്കു പിന്നിൽ കെട്ടിയിരുന്ന പോത്തിന് ദാരുണാന്ത്യം
1452394
Wednesday, September 11, 2024 3:11 AM IST
കടമ്പനാട്: ലോറിയുടെ പിന്നിൽ കെട്ടിയിട്ട പോത്തിന് ദാരുണാന്ത്യം. ലോറി എടുത്ത ഡ്രൈവർ പോത്തിനെ വാഹനത്തിൽ കെട്ടിയതറിയാതെ വാഹനം ഓടിച്ചുകൊണ്ടുപോയതാണ് കാരണമായത്.
പോത്തിനെ നടുറോഡിലൂടെ വലിച്ചിഴച്ചു വാഹനം മുന്നോട്ട് പോകുകയായിരുന്നു. ഒന്നര കിലോമീറ്ററാണ് വാഹനം പോത്തിനെ വലിച്ചിഴച്ചു കൊണ്ടുപോയത്. കടന്പനാട് ഗണേശ വിലാസം ഷാജി വിലാസത്തിൽ അജിയുടേതായിരുന്നു പോത്ത്. അജിയാണ് പോത്തിനെ ലോറിക്കു പിന്നിൽ കെട്ടിയിരുന്നത്.
ഒന്നര കിലോമീറ്ററിലധികം അകലെ എത്തിയപ്പോൾ കയർ റോഡിലെ വൈദ്യുത തൂണിൽ കുരുങ്ങി കയർ പൊട്ടി പോത്ത് റോഡിൽ വീണു. റോഡിലൂടെ ഇഴഞ്ഞ് മുറിവേറ്റ പോത്ത് ചത്തു. അജിയുടേതാണ് ലോറിയും. വാഹനം സ്ഥിരമായി ഓടിക്കുന്നതും അജിയാണ്. ശാരീരികാസ്വാസ്ഥ്യങ്ങളേ തുടർന്ന് ഇന്നലെ മറ്റൊരു ഡ്രൈവറെ വിളിച്ചുവരുത്തുകയായിരുന്നു.