വാഹനം കത്തിച്ച കേസിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റിമാൻഡിൽ
1452392
Wednesday, September 11, 2024 3:08 AM IST
അടൂർ: വാഹനം കത്തിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അറസ്റ്റിലായി. മാരൂർ പ്ലാവിള വടക്കേതിൽ ശങ്കർ രാജാണ് (31) അറസ്റ്റിലായത്. ഇതേ കേസിൽ ഒഴുകുപാറ കൈലാസം ജിതിനെയും (31) അറസ്റ്റ് ചെയ്തു.
2013 ഡിസംബർ മൂന്നിനു നടന്ന കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യം ലഭിച്ചിരുന്നു. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഹാജരായില്ല. തുടർന്ന് ഇന്നലെ ഏനാത്ത് പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
പുതുവൽ മേലേ വീട്ടിൽ ബാബുവിന്റെ കാർ പോർച്ചിൽവച്ചിരുന്ന ബൈക്ക് കത്തിച്ച കേസിലാണ് അറസ്റ്റ്. മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോയുടെ വീട്ടിൽ കിടന്നിരുന്ന വാനും അന്ന് ഇവരുടെ കൂട്ടാളികൾ കത്തിച്ചിരുന്നു. ജിജോയുടെ സുഹൃത്താണ് പരാതിക്കാരനായ ബാബു. രാഷ്ട്രീയ വൈരാഗ്യമായിരുന്നു പിന്നിലെന്ന് പറയുന്നു.