എക്സൈസ് വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിൽ: മന്ത്രി എം.ബി. രാജേഷ്
1452391
Wednesday, September 11, 2024 3:08 AM IST
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ എക്സൈസ് വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. പത്തനംതിട്ടയിൽ എക്സൈസ് വകുപ്പ് പുതുതായി വിലയ്ക്കു വാങ്ങിയ എക്സൈസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംക്കുകയായിരുന്നു അദ്ദേഹം.
കുറ്റമറ്റ രീതിയിലുള്ള അന്വേഷണ മികവിന്റെ അടിസ്ഥാനത്തിൽ നിരവധി സിന്തറ്റിക് ഡ്രഗ്സ് പോലെയുള്ള മയക്കുമരുന്നുകൾ കണ്ടെത്താനാകുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാനുമാകുന്നുണ്ട്.
ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി കണ്ടെത്തിയ കേസുകളിലെ പ്രതികളിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ അന്വേഷണങ്ങളിൽ 100 കോടിയിലധികം വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നുകൾ പിടിച്ചെടുത്തു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുമായി. പുതിയ സംവിധാനങ്ങളുടെ മികവിൽ മഹാരാഷ്ട്ര പോലെയുള്ള ഇതര സംസ്ഥാനങ്ങളിൽ പോയി മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനും സാധിച്ചു. പരമാവധി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും കുറ്റവാളിൾക്ക് ശിക്ഷ ഉറപ്പാക്കി ആവർത്തിക്കുന്നത് തടയാനുമാകുമെന്ന് മന്ത്രി രാജേഷ് പറഞ്ഞു.
എക്സൈസ് കോംപ്ലക്സിൽ നടന്ന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ, മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, സംസ്ഥാന എക്സൈസ് മേധാവി മഹിപാല് യാദവ്, ജോയിന്റ് എക്സൈസ് കമ്മീഷണർ ഡി. ബാലചന്ദ്രൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ പി.എം. പ്രദീപ്, വാർഡ് കൗൺസിലർ കെ.ആർ. അജിത് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു.