ജനറൽ ആശുപത്രി റോഡിൽ വീട്ടമ്മയുടെ കാല് ഓടയിലെ സ്ലാബിൽ കുടുങ്ങി
1452385
Wednesday, September 11, 2024 3:08 AM IST
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പിന്നിലൂടെയുള്ള ഡോക്ടേഴ്സ് ലെയ്ൻ റോഡിൽ ഓടയുടെ വിടവിൽ വീട്ടമ്മയുടെ കാല് കുടുങ്ങി. ഓമല്ലൂർ ആറ്റരികം തോട്ടത്തിൽ പുത്തൻവീട്ടിൽ ബീനയുടെ (51) കാലാണ് കുടുങ്ങിയത്.
ഇന്നലെ വൈകുന്നേരം 5. 30 ന് ഭർത്താവിനൊപ്പം സ്കൂട്ടറിൽ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു ബീന. സ്കൂട്ടർ നിർത്തിയ ശേഷം ബീന ഓടയുടെ മുകളിലേക്ക് കയറി നിൽക്കാൻ തുടങ്ങിയപ്പോഴാണ് സ്ലാബിന്റെ വിടവിൽ കാല് കുടുങ്ങിയത്.
ഓടയുടെ സ്ലാബിനു മുകൾ ഭാഗത്ത് പുല്ലും മറ്റും നിറഞ്ഞ് കിടന്നിരുന്നതിനാൽ വിടവ് കാണാൻ കഴിഞ്ഞില്ല. ഉറക്കെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തി. തുടർന്ന് അഗ്നിരക്ഷാ സേനയും എത്തി ഓടയുടെ സ്ലാബ് അകത്തി കാൽ പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു നീക്കി.
ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളുടെ പണി ആരംഭിച്ചതിനു പിന്നാലെ ഡോക്ടേഴ്സ് ലെയ്ൻ റോഡുവഴിയാണ് പ്രവേശന കവാടം.
ഇതോടെ ഈ പാതയിൽ തിരക്കും വർധിച്ചു. സമീപകാലത്ത് ഡോക്ടേഴ്സ് ലെയ്ൻ റോഡ് നവീകരിച്ചെങ്കിലും ഓടയുടെ പണികൾ ശരിയായി നടന്നിട്ടില്ല. പൊതുവെ വീതി കുറഞ്ഞ റോഡായതിനാൽ ആളുകൾ നടന്നു പോകുന്നത് ഓടയുടെ മുകളിൽ കൂടിയാണ് . ഓടയുടെ പല ഭാഗത്തും സ്ലാബ് നിരപ്പില്ലാതെയും ഇരുവശത്തും കാട് പിടിച്ചും കിടക്കുകയാണ്.