ബന്തിപ്പൂവിന്റെ പകിട്ടിൽ തെള്ളിയൂർക്കാവ്
1452374
Wednesday, September 11, 2024 2:54 AM IST
തെള്ളിയൂർ: ഓണപ്പൂക്കളം വർണാഭമാക്കാൻ തെള്ളിയൂർ ഗ്രാമത്തിൽ ബന്തിപൂക്കളുടെ വർണ വസന്തം. കാട്ടുപന്നികളുടെ ശല്യംമൂലം കാർഷിക വിളകൾ കുറഞ്ഞ നാട്ടിലാണ് രണ്ടു യുവാക്കൾ പൂക്കൃഷിയിലേക്ക് ചുവടുവച്ചത്. ഓണക്കാലമായപ്പോഴേക്കും ബന്തിപ്പൂക്കൾ വിരിഞ്ഞ് തെള്ളിയൂർക്കാവിൽ പൂന്തോട്ടവുമായി.
തെള്ളിയൂർ കുഴിക്കാല വീട്ടിൽ ജയകൃഷ്ണൻ, ജയൻ എന്നിവർ ചേർന്ന് തെള്ളിയൂർക്കാവിൽ സ്വകാര്യ വസ്തു പാട്ടത്തിനെടുത്താണ് പുഷ്പകൃഷി ആരംഭിച്ചത്. തോട്ടത്തിൽനിന്നുള്ള ആദ്യപൂക്കൾ തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്കാണ് നൽകിയത്.
തോട്ടത്തിൽ പൂക്കൾ നിറഞ്ഞതോ സെൽഫി എടുക്കാനായി നിരവധിപേർ എത്തുന്നുണ്ട്. പൂക്കടയിൽ ഇത്തവണ കിലോഗ്രാമിന് 200 രൂപവരെ വിലവരുന്ന ബന്തിപ്പൂക്കൾക്ക് 100 രൂപ മാത്രമാണ് ഇവർ വാങ്ങുന്നത്. ഇവരുടെ പുഷ്പകൃഷിക്ക് തെള്ളിയൂർ കൃഷി ഓഫിസറും ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു.